ഷനകയുടെ സെഞ്ചുറി തടയാൻ മങ്കാദിങ്ങുമായി ഷമി, അപ്പീൽ പിൻവലിച്ച് രോഹിത്, ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ നാടകീയമായി അവസാന ഓവർ

Webdunia
ബുധന്‍, 11 ജനുവരി 2023 (09:15 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ അവസാന ഓവറിൽ നാടകീയ സംഭവങ്ങൾ. മത്സരം അവസാനിക്കാൻ 3 പന്ത് മാത്രം ബാക്കിനിൽക്കെ നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുന്ന ശ്രീലങ്കൻ നായകൻ ദസുൻ ഷനകയുടെ സെഞ്ചുറി തടയാൻ ഷമി ശ്രമിച്ചതാണ് മത്സരത്തെ ചൂടുപിടിപ്പിച്ചത്. ഓവറിലെ മൂന്നാം പന്തിൽ ഷനക സിംഗിൾ നേടി സ്ട്രൈക്ക് രജിതയ്ക്ക് കൈമാറിയിരുന്നു.
 
തൊട്ടടുത്ത പന്തിൽ ഷമി പന്തെറിയും മുൻപ് ഷനക ക്രീസ് വിടുകയും ഷമി താരത്തെ റണ്ണൗട്ട് ചെയ്യുകയുമായിരുന്നു. ആ സമയം 98 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്നു ശ്രീലങ്കൻ താരം. ഓൺ ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടാൻ ഒരുങ്ങിയെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമ ഇടപ്പെട്ട് അപ്പീൽ പിൻവലിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത പന്തിൽ ഷനകയ്ക്ക് സ്രൈക്ക് ലഭിക്കുകയും അദ്ദേഹം അർഹമായ സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു.
 
മത്സരത്തിൽ 88 പന്തിൽ 12 ഫോറും 3 സിക്സും സഹിതം പുറത്താകാതെ 108 റൺസാണ് ഷനക സ്വന്തമാക്കിയത്. ഏകദിനത്തിൽ താരത്തിൻ്റെ രണ്ടാമത്തെ മാത്രം സെഞ്ചുറി മാത്രമാണിത്. അതേസമയം മത്സരത്തിൽ 374 റൺസ് പിന്തുടർന്ന ശ്രീലങ്കയ്ക്ക് 306 റൺസ് മാത്രമെ എടുക്കാനായുള്ളു. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article