ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ മങ്ങിയ കാഴ്ചയുമായാണ് താന്‍ കളിച്ചതെന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്റെ വെളിപ്പെടുത്തല്‍. കാഴ്ച തകരാര്‍ തന്റെ ബാറ്റിങ്ങിനെ പ്രതികൂലമായി ബാധിച്ചെന്നും താരം പറഞ്ഞു. 2019 ഏകദിന ലോകകപ്പില്‍ 606 റണ്‍സും 11 വിക്കറ്റുമായി ബംഗ്ലാദേശിനെ മുന്നില്‍ നിന്നു നയിച്ച ഷാക്കിബിന് ഇത്തവണ വെറും 186 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
ഷോര്‍ട്ട് ബോളുകളെ നേരിടാന്‍ ഷാക്കിബ് വളരെ പ്രയാസപ്പെട്ടിരുന്നു. ലോകകപ്പിനിടെ ചില മത്സരങ്ങളില്‍ ബാറ്റിങ് സ്റ്റാന്‍സ് മാറിയാണ് ഷാക്കിബ് നിന്നിരുന്നത്. ഇതിനു കാരണം കാഴ്ച ശക്തിയിലെ തകരാറാണ്. സമ്മര്‍ദ്ദം മൂലം ഇടതു കണ്ണിന്റെ കാഴ്ച മങ്ങിയതായാണ് ക്രിക്ബസിനോട് താരം വെളിപ്പെടുത്തിയത്.
ബാറ്റിങ്ങിന് നില്‍ക്കുമ്പോള്‍ ബോള്‍ നേരിടാന്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു. ഡോക്ടറെ കണ്ടപ്പോള്‍ കോര്‍ണിയയിലോ റെറ്റിനയിലോ വെള്ളമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. അവര്‍ എനിക്ക് തുള്ളി മരുന്ന് നല്‍കി. സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് പറഞ്ഞു. സമ്മര്‍ദ്ദം തന്നെയാണോ കാഴ്ച ശക്തിയെ ബാധിച്ചതെന്ന് തനിക്ക് ഉറപ്പില്ലെന്നും ഷാക്കിബ് പറഞ്ഞു.