ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നാളെ നടക്കാനിരിക്കെ വലിയ വെല്ലുവിളിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. പതിവ് പോലെ പേസിനെയും ബൗണ്‍സിനെയും തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ തന്നെയാണ് ഇക്കുറിയും ഇന്ത്യയ്ക്ക് പ്രധാനവെല്ലുവിളി. ബാറ്റിംഗിലും ബൗളിംഗിലും മികച്ച താരങ്ങളുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഏറെ കഷ്ടപ്പെടേണ്ടതായി വരും.
ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ പരിചയസമ്പന്നരായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ തുടങ്ങിയവരുടെ അസ്സാന്നിധ്യം പൃശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പതറുമെന്നും ബൗണ്‍സ് നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ സാഹചര്യം ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും പരഞ്ഞിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫാഫ് ഡുപ്ലെസിസ്. അതിവേഗ ബൗണ്‍സുകളെ നേരിട്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് പരിചയമുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.
ദക്ഷിണാഫ്രിക്കയില്‍ വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ ക്ഷമ കാണിക്കുകയും പിച്ചിന്റെ സാഹചര്യത്തെ ബഹുമാനിക്കുകയും വേണം. ഷോര്‍ട്ട് ബോളുകള്‍ പ്രതീക്ഷിച്ച് ബാറ്റ് ചെയ്യാനും മോശം പന്തുകളെ ഒഴിവാക്കാനും ശ്രദ്ധിക്കണം. യുവതാരങ്ങളുമായാണ് ഇത്തവണ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്നത്.യശ്വസി ജയ്‌സ്വാള്‍,ശുഭ്മാന്‍ ഗില്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് ടീമില്‍ നിര്‍ണായകമായ റോളാണുള്ളത്. പരിചയസമ്പന്നരായി രോഹിത് ശര്‍മ,വിരാട് കോലി,കെ എല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ് ഇത്തവണ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലുള്ളത്.