ഇതൊക്കെ നിയമമല്ലേ? ഞാന്‍ ചെയ്തതില്‍ എന്താണ് തെറ്റ്; ടൈംഡ് ഔട്ട് വിക്കറ്റിനെ ന്യായീകരിച്ച് ബംഗ്ലാദേശ് നായകന്‍

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2023 (08:33 IST)
ലോകകപ്പില്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയതില്‍ ന്യായീകരണവുമായി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ക്രിക്കറ്റ് നിയമത്തിലുള്ളതാണ് ടൈംഡ് ഔട്ടെന്നും ടീമിനെ ജയിപ്പിക്കാന്‍ എന്ത് കടുത്ത തീരുമാനവും എടുക്കേണ്ടി വരുമെന്നും ഷാക്കിബ് പറഞ്ഞു. 
 
'മാത്യുസ് ഗാര്‍ഡ് എടുക്കാന്‍ നേരം വൈകിയിരുന്നു. അപ്പോള്‍ എന്റെ ടീമിലെ മറ്റൊരു താരമാണ് ഇപ്പോള്‍ അപ്പീല്‍ ചെയ്താല്‍ മാത്യുസ് പുറത്താകുമെന്ന കാര്യം എന്നെ അറിയിച്ചത്. ഞാനത് ചെയ്തു. ഗൗരവമായാണോ എന്ന് അംപയര്‍മാര്‍ എന്നോട് ചോദിച്ചു. ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇത് നിയമത്തില്‍ പറയുന്നുണ്ടല്ലോ. ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. ഞാനൊരു യുദ്ധ സമാനമായ സാഹചര്യത്തിലാണ്, ആ സമയത്ത് എന്റെ ടീമിന്റെ ജയം ഉറപ്പിക്കാന്‍ എനിക്ക് തീരുമാനങ്ങളെടുക്കേണ്ടി വരും. ശരിയോ തെറ്റോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകും, ഇങ്ങനെയൊരു നിയമമുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല,' ഷാക്കിബ് പറഞ്ഞു. 
 
ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു പന്ത് പോലും നേരിടാതെ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യുസ് പുറത്താകുകയായിരുന്നു. ആറാമനായാണ് മാത്യുസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ഒരു താരം പുറത്തായ ശേഷം രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്തി പന്ത് നേരിടണമെന്നാണ് നിയമം. മാത്യുസ് മൂന്ന് മിനിറ്റിലേറെ സമയമാണ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ എടുത്തത്. ഇതേ തുടര്‍ന്നാണ് ഒരു പന്ത് പോലും നേരിടാതെ മാത്യുസ് പുറത്തായത്. 'ടൈംഡ് ഔട്ട്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അത് മാറ്റാനാണ് മാത്യുസ് കൂടുതല്‍ സമയം എടുത്തത്. ടൈംഡ് ഔട്ടില്‍ പുറത്തായ മാത്യുസ് പിന്നീട് ഹെല്‍മറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്ക് കയറിപ്പോയി. 
 
സമരവിക്രമയുടെ വിക്കറ്റിനു ശേഷമാണ് മാത്യുസ് ക്രീസിലെത്തിയത്. ആദ്യ പന്ത് നേരിടാനായി ഗാര്‍ഡ് എടുക്കുന്ന സമയത്താണ് ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയ കാര്യം മാത്യുസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പുതിയ ഹെല്‍മറ്റ് കൊണ്ടുവരാന്‍ മാത്യുസ് ആവശ്യപ്പെട്ടു. പുതിയ ഹെര്‍മറ്റ് ധരിച്ച് ബാറ്റിങ്ങിനായി തയ്യാറെടുക്കുന്ന സമയത്ത് 'ടൈംഡ് ഔട്ട്' നിയമപ്രകാരം മാത്യുസിനെ പുറത്താക്കുകയായിരുന്നു. 
 
ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ അപ്പീല്‍ ചെയ്തതു കൊണ്ടാണ് അംപയര്‍മാര്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബാറ്റര്‍ ക്രീസിലെത്താന്‍ വൈകിയാല്‍ ടൈംഡ് ഔട്ട് നിയമപ്രകാരം അപ്പീല്‍ ചെയ്യാന്‍ എതിര്‍ ടീമിന് സാധിക്കും. ബംഗ്ലാദേശ് അപ്പീല്‍ ചെയ്തതോടെ അംപയര്‍മാര്‍ ടൈംഡ് ഔട്ട് നിയമത്തിന്റെ പരിധിയില്‍ ആഞ്ചലോ മാത്യുസ് എത്ര സമയമെടുത്തു എന്ന കാര്യം പരിശോധിച്ചു. മൂന്ന് മിനിറ്റില്‍ കൂടുതല്‍ സമയം എടുത്തെന്ന് വ്യക്തമായതോടെ മാത്യുസ് ഔട്ടാണെന്ന് അംപയര്‍മാര്‍ വിധിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article