ഐപിഎല്ലില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സൗദി, ശതകോടികളുടെ ലീഗാക്കി മാറ്റാന്‍ ശ്രമം

Webdunia
ശനി, 4 നവം‌ബര്‍ 2023 (09:11 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശതകോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. ഐപിഎല്ലിനെ 3,000 കോടി ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുകയാണ് സൗദി അധികൃതരുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ അധികൃതരുമായി ചര്‍ച്ച നടത്തി. മറ്റ് രാജ്യങ്ങളിലേക്ക് ഐപിഎല്ലിനെ വ്യാപിപ്പിക്കാന്‍ സൗദി സഹകരിക്കാമെന്നാണ് ഓഫര്‍. ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കുകയാണെങ്കില്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള താത്പര്യമാണ് സൗദി പ്രകടിപ്പിച്ചിട്ടുള്ളത്.
 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും യുവേഫ ചാമ്പ്യന്‍സ് ലീഗും പോലെ ഐപിഎല്ലിനെ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. സൗദിയുടെ ഈ ഓഫറില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ബിസിസിഐയാണ്. ഇതുവരെയും ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. നേരത്തെ ഐപിഎല്ലിന് സമാനമായി ലോകത്തെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് തുടങ്ങാന്‍ സൗദി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ വിട്ടുനല്‍കാന്‍ താത്പര്യമില്ലെന്ന മറുപടിയാണ് ബിസിസിഐ അന്ന് നല്‍കിയത്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ വിലക്കുണ്ട്. ഇത് സൗദിക്കായി ഇന്ത്യ മാറ്റില്ലെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article