ലോകകപ്പ് കളിക്കാന്‍ ആഗ്രഹിച്ചിരുന്നു, ടീമില്‍ ഇടം പിടിക്കാത്തതില്‍ നിരാശ തോന്നി: സഞ്ജു സാംസണ്‍

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (14:01 IST)
ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തതില്‍ നിരാശ തോന്നിയെന്ന് തുറന്നുപറഞ്ഞ് മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍. ലോകകപ്പ് കളിക്കുകയെന്നത് വലിയൊരു സ്വപ്‌നമായിരുന്നെന്നും കഴിഞ്ഞുപോയതിനെ കുറിച്ച് ആലോചിച്ച് നിരാശപ്പെടേണ്ട നേരമല്ല ഇതെന്നും സഞ്ജു പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 
 
'ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അക്കാര്യത്തെ കുറിച്ച് ആലോചിച്ച് ശ്രദ്ധ കളയേണ്ടതില്ല. എനിക്ക് എന്റെ എല്ലാ ശ്രദ്ധയും ഊര്‍ജ്ജവും ഇനി ഐപിഎല്ലിലേക്ക് നല്‍കാം. ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിക്കാതിരുന്നത് വലിയ നിരാശയുണ്ടാക്കിയെന്ന് ഞാന്‍ തുറന്നുപറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും പ്രത്യേകിച്ച് ലോകകപ്പില്‍ കളിക്കുന്നതും എല്ലാ താരങ്ങളുടെയും വലിയ സ്വപ്‌നമാണ്. അതിനായി ഞാനും അതിയായി ആഗ്രഹിച്ചിരുന്നു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ എവിടെയെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ ചിന്തകളിലെല്ലാം ആ പക്വത ഉണ്ടായിരിക്കണം. അക്കാര്യം മാത്രമാണ് ഞാന്‍ ഇനി ശ്രദ്ധിക്കുന്നത്,' സഞ്ജു പറഞ്ഞു. 
 
ഐപിഎല്ലില്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സഞ്ജു പറയുന്നു. പ്ലേ ഓഫിലേക്ക് കയറുക മാത്രമല്ല കിരീടം നേടുക തന്നെയാണ് ഇത്തവണ തങ്ങളുടെ ലക്ഷ്യമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article