എൻ്റെ ഒരോവറിലെ ആറ് പന്ത് സിക്സടിച്ചവനാണ്, ശ്രീശാന്തിൻ്റെ തള്ളിലാണ് ദ്രാവിഡ് ഫ്ളാറ്റാകുന്നത്. രാജസ്ഥാൻ റോയൽസിൽ എത്തിയതിനെ പറ്റി സഞ്ജു

വെള്ളി, 17 മാര്‍ച്ച് 2023 (19:48 IST)
രാജസ്ഥാൻ റോയൽസിൻ്റെ ഇതിഹാസതാരങ്ങളുടെ പട്ടികയെടുത്താൽ തീർച്ചയായും അതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാകും മലയാളി താരവും രാജസ്ഥാൻ നായകനുമായ സഞ്ജു സാംസൺ. ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സഞ്ജു എങ്ങനെയാണ് താൻ രാജസ്ഥാൻ റോയൽസിലെത്തിയത് എന്നതിനെ പറ്റി മുൻപ് മനസ്സ് തുറന്നിരുന്നു.ശ്രീശാന്താണ് തന്നെ രാജസ്ഥാനിലെത്തിച്ചതെന്ന് താരം പറയുന്നു. ആ കഥ ഇങ്ങനെ.
 
അന്ന് ശ്രീശാന്ത് ഇന്ത്യൻ ടീമിൽ തിളങ്ങി നിൽക്കുന്ന ബൗളറാണ്. എന്നെ രാജസ്ഥാൻ റോയൽസ് നായകനായ രാഹുൽ ദ്രാവിഡിനെ പരിചയപ്പെടുത്തുന്നത് ശ്രീശാന്താണ്. അന്ന് കേരള ടീമിൽ പുറത്തായ ഞാൻ അണ്ടർ 19 കളിക്കുകയാണ്. ശ്രീ ഭായ് ആണ് അന്നത്തെ കേരള ടീമിൻ്റെ ക്യാപ്റ്റൻ. ഞാൻ അണ്ടർ 19ൽ സെഞ്ചുറി നേടിയതെല്ലാം ശ്രീ ഭായ് അറിഞ്ഞിരുന്നു. പിന്നാലെ കെസിഎ സെക്രട്ടറിയോടും മറ്റും എന്നെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ വീണ്ടും കേരള ടീമിലെത്തുന്നത്.
 
കേരള ടീമിലെത്തിയതിന് ശേഷം ഒരു നോക്കൗട്ട് മത്സരത്തിൽ കേരളത്തിനായി ഒരു ഇന്നിങ്ങ്സിൽ 140 റൺസും രണ്ടാം ഇന്നിങ്ങ്സിൽ 70 റൺസും നേടാൻ എനിക്കായി. അന്നാണ് ശ്രീ ഭായ് എൻ്റെ ബാറ്റിംഗ് നേരിട്ട് കാണുന്നത്. എൻ്റെ ഓരോ ഷോട്ടിനും വലിയ പ്രോത്സാഹനം തന്നു. വലിയ ഊർജമാണ് അതെനിക്ക് നൽകിയത്. 2 മാസം കഴിഞ്ഞാ രാജസ്ഥാൻ ട്രയൽസുണ്ടെന്നും എന്നെ കൊണ്ടുപോകാമെന്നും പറഞ്ഞു.രാഹുൽ സറിന് എന്നെ ശ്രീഭായ് ആണ് പരിചയപ്പെടുത്തുന്നത്.
 
എന്നെ ഒരോവറിൽ 6 സിക്സടിച്ച ബാറ്റർ ആണെന്നും ഭയങ്കര ബാറ്ററാണെന്നുമെല്ലാം തള്ളിവിട്ടു. സഞ്ജു രാജസ്ഥാന് വേണ്ടി കളിക്കേണ്ട താരമാണെന്നും അവനെ ട്രയൽസിൽ വിളിക്കണമെന്നും ശ്രീഭായ് രാഹുൽ സറിനോട് പറഞ്ഞു. അടുത്ത വർഷം അവനെ ട്രയൽസിൽ കൊണ്ടുവരുവെന്ന് രാഹുൽ സർ പറഞ്ഞു. അങ്ങനെയാണ് ഞാൻ രാജസ്ഥാനിലെത്തുന്നത്. സഞ്ജു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍