ചിലര്‍ക്ക് ഇന്ത്യന്‍ ടീമില്‍ പെട്ടെന്ന് സ്ഥാനം കിട്ടുമെന്നും ചിലര്‍ വൈകിയാണ് എത്തുകയെന്നും മലയാളി താരം സഞ്ജു സാംസണ്‍. പ്രതിബന്ധങ്ങള്‍ നേരിട്ടായിരുന്നു തന്റെ ക്രിക്കറ്റ് യാത്ര. എന്തുണ്ടായാലും അതെല്ലാം നല്ലതിനെന്നാണ് വിശ്വാസമെന്നും സഞ്ജു തിരുവനന്തപുരത്ത് പറഞ്ഞു. തടസ്സങ്ങള്‍ നേരിടുമ്പോള്‍ കരുത്താര്‍ജ്ജിക്കുമെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.
'നാട്ടുകാരില്‍ നിന്നും ഇത്രയും വലിയ പിന്തുണ പ്രതീക്ഷിച്ചില്ല. അവരുടെ പിന്തുണയിലാണ് ഞാന്‍ കളിക്കുന്നത്. എനിക്ക് വേണ്ടി സംസാരിക്കുമ്പോള്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടമില്ലാത്തതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ കണ്ടു. അത് ആവേശത്തില്‍ പറയുന്നതാണ്. കേരളത്തില്‍ ടൂര്‍ണമെന്റ് ഇല്ലാതാക്കാന്‍ അവര്‍ ഒന്നും ചെയ്യില്ല. ക്രിക്കറ്റ് മതം പോലെയാണ്. അതില്‍ നടക്കുന്നതെല്ലാം എല്ലാവരും അറിയും. എന്നാല്‍ പിറകില്‍ നടക്കുന്നത് ആരും അറിയാറില്ല. ഞാന്‍ ഇവിടെവരെയെത്തിയതിന് പിന്നില്‍ നാട്ടുകാര്‍, വീട്ടുകാര്‍, കൂട്ടുകാര്‍, കെസിഎ എന്നിവരുടെ പിന്തുണ വളരെ വലുതാണ്. അത് എല്ലാവരും മനസ്സിലാക്കണം,' സഞ്ജു പറഞ്ഞു.