സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്താതിരുന്നത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. കാരണം താന്‍ ആരാണെന്ന് ഒരു താരം സ്വയം മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. സുനില്‍ ഗവാസ്‌കര്‍,രവി ശാസ്ത്രി,ഹര്‍ഷ ഭോഗ്ലെ തുടങ്ങിയ ഇതിഹാസങ്ങളെല്ലാാം സഞ്ജുവിന്റെ കഴിവിനെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ ബാറ്റിംഗില്‍ അവന്റെ സമീപനം ശരിയല്ല. ബൗളറെ നോക്കി വിക്കറ്റിനെ പറ്റി മനസിലാക്കി കളിക്കണമെന്ന് അവനെ ഉപദേശിച്ചാല്‍ അവന്‍ കേള്‍ക്കാറില്ല. ബാറ്റിംഗില്‍ ആരുടെയും ഉപദേശം സഞ്ജു അംഗീകരിക്കില്ല. ഇതിഹാസതുല്യരായ വ്യക്തികള്‍ നിങ്ങള്‍ക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ അത് മാനിക്കണം.
വിക്കറ്റ് നോക്കി കളിക്കണമെന്നാണ് സഞ്ജുവിനെ കാണുമ്പോഴെല്ലാം ഞാന്‍ സഞ്ജുവിനെ ഉപദേശിക്കാറുള്ളത്. എന്നാല്‍ സഞ്ജു ഈ ഉപദേശങ്ങളെ സ്വീകരിക്കാറില്ല.ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സഞ്ജുവിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു പലരും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. നമ്മള്‍ അങ്ങനെ പറയാന്‍ പാടില്ല. കാരണം അയര്‍ലാന്‍ഡിനെതിരേ സഞ്ജുവിന് അവസരങ്ങള്‍ കിട്ടി. വെസ്റ്റ് ഇന്‍ഡീസിനെതിരേയും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ 10 വര്‍ഷമായി സഞ്ജു കളിച്ചുകൊണ്ടിരിക്കുകയാണ്. ഇത്ര കാലം കളിച്ചിട്ടും 3 സെഞ്ചുറികള്‍ മാത്രമാണ് സഞ്ജു നേടിയത്.
ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്താന്‍ സഞ്ജുവിന് കഴിയുന്നില്ല. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ എടുക്കാത്തതിനെ പറ്റി മാധ്യമങ്ങളോട് ഞാന്‍ നേരത്തെ പ്രതികരിച്ചില്ല. അത് വിവാദമായി മാറുമെന്ന് എനിക്കറിയാം. സഞ്ജു നീ ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ ഒരു കാര്യമെ എനിക്ക് പറയാനുള്ളു. നിനക്ക് ഇന്ത്യന്‍ ടീമില്‍ അവസരങ്ങളില്ലെന്ന് നീ ചിന്തിക്കാന്‍ പാടില്ല. ആ അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനാകുന്നില്ല. എന്റെ വാക്കുകള്‍ നീ കേള്‍ക്കണമെന്നില്ല. പക്ഷേ ഇതിഹാസതുല്യരായവര്‍ പറയുമ്പോള്‍ അത് കേള്‍ക്കണം. വര്‍ഷങ്ങള്‍ നഷ്ടമായികൊണ്ടിരിക്കുകയാണ്. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്തണം. ശ്രീശാന്ത് പറഞ്ഞു.