ഐപിഎല്ലിലെ ആദ്യ 8 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. സീസണിൽ ഏറ്റവും ഒത്തിണക്കമുള്ള ടീമുകളിൽ ഒന്നായ രാജസ്ഥാൻ മികച്ച പ്രകടനമാണ് നായകൻ സഞ്ജു സാംസണിന് കീഴിൽ നടത്തുന്നത്. ഇപ്പോഴിതാ സഞ്ജുവിന്റെ ക്യാപ്‌റ്റൻസിയെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് കേരള ക്യാപ്‌റ്റനായ സച്ചിൻ ബേബി.
ക്യാപ്‌റ്റൻസി എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഐപിഎല്ലിൽ മികച്ച പ്രകടനമാണ് സഞ്ജുവിൽ നിന്നും വരുന്നത്. അവൻ സ്കോർ ചെയ്യുന്നു. ക്യാപ്‌റ്റനാകുമ്പോൾ കയ്യടികളും വിമർശനങ്ങളും ലഭിക്കും. ഞാനും ഇതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. അതിനാൽ ഈ കാര്യങ്ങൾ എനിക്ക് മനസിലാകും. സച്ചിൻ ബേബി പറഞ്ഞു. ഐപിഎൽ ക്യാപ്‌റ്റൻസിയിലേക്കെത്തിയ സഞ്ജുവിന്റെ യാത്ര കേരള ക്രിക്കറ്റിന് പ്രചോദനമാകുമെന്നും സച്ചിൻ പറഞ്ഞു.
2021 സീസണിൽ സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്നാണ് സഞ്ജു സാംസൺ രാജസ്ഥാൻ നായകസ്ഥാനം ഏറ്റെടുത്തത്. ഇതുവരെ 11 മത്സരങ്ങളിലാണ്ണ സഞ്ജുവിന് രാജസ്ഥനെ വിജയത്തിലേക്കെത്തിക്കാനായത്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തതെങ്കിലും ഇത്തവണ ഐപിഎൽ താരലേലത്തിൽ വമ്പൻ താരങ്ങളെ സ്വന്തമാക്കാനായതോടെ മികച്ച പ്രകടനമാണ് ടീം സഞ്ജുവിന്റെ നേതൃത്വത്തിൽ നടത്തുന്നത്.