പതിനൊന്ന് പേർക്കും ഒരേ മനസ്സ്, ഒരേ ലക്ഷ്യം: ഐപിഎല്ലിലെ സ‌ഞ്ജു ബ്രാൻഡ്

ബുധന്‍, 27 ഏപ്രില്‍ 2022 (19:53 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരസാന്നിധ്യമല്ലെങ്കിലും ഐപിഎല്ലിൽ രാജസ്ഥാൻ ടീമിന്റെ നെടു‌ന്തൂണാണ് ഏറെകാലമായി മലയാളി താരമായ സഞ്ജു സാംസൺ. മാനേജ്‌മെന്റ് സഞ്ജുവിൽ വിശ്വാസം ചെലുത്തി ക‌ഴിഞ്ഞ സീസൺ മുതൽ നായകനാക്കി പ്രഖ്യാപിച്ചെങ്കിലും പോയ സീസണി‌ൽ മികച്ച പ്രകടനം നടത്താൻ ടീമിനായിരുന്നില്ല.
 
എന്നാൽ ഐപിഎൽ മെഗാതാരലേലത്തിന് ശേഷം സഞ്ജു സാംസണിന്റെ നായകത്വത്തിന്റെ കീഴിൽ ഒരു ബ്രാൻഡായി വളരുകയാണ് രാജസ്ഥാനും ഒപ്പം സഞ്ജുവിന്റെ ക്യാപ്‌റ്റൻസിയും. താരലേലത്തിലൂടെ അശ്വിനെയും ചഹലിനെയും പ്രസിദ്ധ് കൃഷ്‌ണയേയും ട്രെന്റ് ബോൾട്ടിനെയും വിളിച്ചെടുത്തപ്പോൾ രാജസ്ഥാന്റെ ബൗളിങ് ഡിപ്പാർട്ട്‌മെന്റ് ശക്തമായി.
 
ബാറ്റിങിൽ ബട്ട്‌ലറും,ദേവ്‌ദത്ത് പടിക്കലും,ഹെറ്റ്‌മയറും അടങ്ങുന്ന നിര. എന്നാൽ എത്ര മികച്ച താരങ്ങ‌ൾ ഉണ്ടായാലും ഒരു ടീം എന്ന നിലയിൽ വർക്ക് ചെയ്യണമെങ്കിൽ 11 താരങ്ങളും ഒരേ ലക്ഷ്യത്തിനായി ഒരു ടീമായി പ്രവർത്തിക്കേണ്ടതുണ്ട്. മികച്ച താരങ്ങളുടെ നിര എന്നതിൽ നിന്നും ‌മിക‌ച്ച ഒരു ടീമാക്കി രാജസ്ഥാനെ മാറ്റാനായി എന്നതാണ് ഐപിഎല്ലിലെ സഞ്ജു ബ്രാൻഡ്.
 
സീസണിൽ അധിക മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നെങ്കിലും ടീം സ്കോർ ഡിഫെൻഡ് ചെയ്യാൻ സഞ്ജുവിനായി. തന്റെ സഹകളിക്കാർക്ക് മുകളിൽ സമ്മർദ്ദം ചെലുത്താതെ അവരെ വിശ്വസിച്ചുകൊണ്ട് ക‌ളിക്കുന്ന സഞ്ജു മൈതാനത്തെ ഒരു സന്തോഷകരമായ കാഴ്‌ചയാണ്.
 
നിലവിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഇതിഹാസതാരമായ ജോസ് ബട്ട്‌ലറെ പോലൊരു താരത്തെ പോലും കംഫർട്ട് സോണിലാക്കാൻ സഞ്ജുവെന്ന നായകന് കഴിയുന്നുണ്ട്. ഇന്നലെ ടീമിനൊപ്പം ചേർന്ന ഡാരൻ മിച്ചൽ മുതൽ അശ്വിൻ,യു‌സ്‌വേന്ദ്ര ചഹൽ പോലുള്ള താരങ്ങൾ വരെ സഞ്ജുവിന് കീഴിൽ ഒരേ താളത്തിൽ കളിക്കുമ്പോൾ നമുക്ക് ഒന്നുറപ്പിക്കാം. ഇതാണ് ഐപിഎല്ലിൽ സഞ്ജു മുന്നോട്ട് വെയ്ക്കുന്ന ബ്രാൻഡ്, ഇന്ത്യൻ ക്രിക്കറ്റിൻറ്റെ സ‌ഞ്ജു ബ്രാൻഡ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍