വേഗത മാത്രമെന്ന് പരിഹാസം, സർജിക്കൽ ബ്ലേഡിന്റെ കൃത്യത കൊണ്ട് മറുപടി നൽകി ഉമ്രാൻ മാലിക്, പുതിയ പ്രതീക്ഷ
ബാറ്റ്സ്മാന്മാരുടെ പറുദീസയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടിക്രിക്കറ്റിൽ വേഗതയും കൃത്യതയും കൊണ്ട് ബാറ്റ്സ്മാനെ കുഴക്കുന്ന ബൗളർമാർ എല്ലാ കാലത്തും കളിക്കളത്തിലെ താരങ്ങളാണ്. പലരും വേഗത മാത്രമുള്ള കളിക്കാർ മാത്രമായി ഒതുങ്ങുമ്പോൾ വേഗതയിലും കൃത്യതയിലും ഒരു പോലെ വൈദഗ്‌ധ്യം പുലർത്തുന്നവരാണ് ഇതിഹാസ ബൗളർമാർ ആകുന്നത്.
ഒരു സ്റ്റൈൻ ഗൺ, ഒരു ബ്രെറ്റ്‌ലി എക്കാലത്ത് ഇന്ത്യയ്ക്ക് ഉണ്ടാകും എന്ന ചോദ്യത്തിന് ഐപിഎൽ നൽകുന്ന മറുപടിയാണ് ഉമ്രാൻ മാലിക് എന്ന പേര്. വെറും വേഗത എന്നതിനപ്പുറത്തേക്ക് ബാറ്റ്സ്മാന്റെ സ്റ്റമ്പുകൾ പിഴുതെറിയുന്ന സർജിക്കൽ ഡെലിവറികളാണ് ഉമ്രാൻ മാലിക്കിനെ താരമാക്കുന്നത്.
ടൂർണമെന്റിന് മുൻപ് വരെ എങ്ങനെ ഇത്ര വേഗത്തിൽ പന്തെറിയുന്നു എന്ന ചോദ്യമാണ് ഉമ്രാൻ നേരിട്ടിരുന്നതെങ്കിൽ വേഗതയ്ക്കൊപ്പം പുലർത്തുന്ന കൃത്യത കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് യുവതാരം. ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തിൽ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ഇതിൽ നാലെണ്ണവും ക്ലീൻ ബൗൾഡ് ആയിരുന്നു.
എട്ടാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയ ഉമ്രാന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഒഴികെ സാഹ, ഗില്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍ എന്നിവരെ ബോള്‍ഡാക്കുകയായിരുന്നു.152.9 കി.മീ വേഗതയിലുളള യോർക്കറിലായിരുന്നു ക്രീസിൽ നിലയുറപ്പിച്ച വൃദ്ധിമാൻ സാഹയെ ഉമ്രാൻ കൂടാരം കയറ്റിയത്.പന്ത് എങ്ങോട്ട് പോയെന്നുപോലും വേഗത കാരണം സാഹ കണ്ടിരിക്കാൻ വഴിയില്ല. മത്സരത്തിലേ ഏറ്റവും വേഗതയുള്ള പന്തായിരുന്നു ഇത്.