ഏത് സാഹചര്യത്തിലും വിജയിക്കാന്‍ സാധിക്കുന്ന ടീമായി വിരാട് കോഹ്‌ലിയും സംഘവും മാറണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പന്ത് തിരിയുന്ന ഇന്ത്യയിലെ പിച്ചുകളില്‍ മാത്രമല്ല പച്ചപ്പ് നിറഞ്ഞ പിച്ചുകളിലും ജയിക്കാന്‍ സാധിക്കണം. നമ്മുടെ വിജയത്തിനായി പിച്ച് നിര്‍മ്മിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സച്ചിന്‍ പറഞ്ഞു.
വിദേശത്തേതിന് സമാനമായ പച്ചപ്പ് നിറഞ്ഞ പിച്ചുകളും ഇന്ത്യയില്‍ വേണം. അത്തരം പിച്ചുകളില്‍ ജയം സ്വന്തമാക്കണം. ഇത് വിദേശ പര്യടനങ്ങളില്‍ സഹായകമാകും. നമ്മുടെ ബാറ്റ്‌സ്‌മാന്മാരും ബോളര്‍മാരും പച്ചപ്പ് നിറഞ്ഞ പിച്ചുകളില്‍ കളിച്ച് മികവ് തെളിയിക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് തരം പിച്ചുകളാണ് വേണ്ടതെന്നും സച്ചിന്‍ വ്യക്തമാക്കി.
വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടെസ്‌റ്റ് ടീം ലോകത്തെ മികച്ച ടീമുകളിലൊന്നാണ്. ബാറ്റിംഗിലും ബോളിംഗിലും താരങ്ങള്‍ മികവ് പുലര്‍ത്തുന്നുണ്ട്. അനില്‍ കുബ്ലെയെന്ന ലോകോത്തര താരം കൂടി ഡ്രസിംഗ് റൂമിലുള്ളതാണ് കോഹ്‌ലിക്കും സഹതാരങ്ങള്‍ക്കും കരുത്താകുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചക്കോടിയില്‍ സംസാരിക്കവെ സച്ചിന്‍ പറഞ്ഞു.
വിദേശ പിച്ചുകളിലാണ് ടീം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കേണ്ടതെന്ന് പല മുന്‍ താരങ്ങളും വ്യക്തമാക്കിയിരുന്നു. സൌരവ് ഗാംഗുലി അടക്കമുള്ള മുന്‍ താരങ്ങള്‍ ഇതേ അഭിപ്രായക്കാരാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യ സ്വന്താമാക്കിയത് ഇന്ത്യയിലെ കറങ്ങിത്തിരിയുന്ന പിച്ചുകളിലാണ്.