പൊരുതിയത് പന്ത് മാത്രം, ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ കുഴിച്ചുമൂടി കിവികൾ, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്

അഭിറാം മനോഹർ
ഞായര്‍, 3 നവം‌ബര്‍ 2024 (13:16 IST)
Newzealand win
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി സ്വന്തം നാട്ടില്‍ മുഴുവന്‍ മത്സരങ്ങളും പരാജയപ്പെട്ട് ടീം ഇന്ത്യ. 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ 3 മത്സരങ്ങളിലും ശക്തമായ ആധിപത്യമാണ് ഇന്ത്യന്‍ ടീമിന് മുകളില്‍ ന്യൂസിലന്‍ഡ് പുലര്‍ത്തിയത്. ആദ്യ 2 മത്സരങ്ങള്‍ തോറ്റതോടെ പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാന്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം പ്രധാനമായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു.
 
സ്പിന്‍ പിച്ചുകളില്‍ എതിരാളികളെ വരിഞ്ഞുമുറുക്കുന്ന ഇന്ത്യയെ അല്ല ആദ്യ മത്സരം മുതല്‍ പരമ്പരയില്‍ കാണാനായത്. ബെംഗളുരുവിലെ ആദ്യ ടെസ്റ്റില്‍ ടോസിലെ തീരുമാനമായിരുന്നു പരാജയത്തിലേക്ക് നയിച്ചതെങ്കില്‍ ശേഷിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ സ്പിന്നര്‍മാരെ നിഷ്പ്രഭമാക്കി മാറ്റാന്‍ ന്യൂസിലന്‍ഡിനായി. കൂടാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നിനെ നേരിടാനാകാതെ കുഴങ്ങുന്നതും ഈ പരമ്പരയില്‍ കാണാനായി.സ്പിന്നിനെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയമായതാണ് പരമ്പരയില്‍ ഇന്ത്യ നാണം കെടുന്നതിന് കാരണമായത്.
 
 സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ടൂര്‍ണമെന്റില്‍ തീര്‍ത്തും നിരാശപ്പെടുത്തി. യുവതാരങ്ങളില്‍ ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്ശ്വാളും സര്‍ഫറാസ് ഖാനുമെല്ലാം ചില നല്ല ഇന്നിങ്ങ്‌സുകള്‍ നടത്തിയെങ്കിലും റിഷഭ് പന്തല്ലാതെ ഒരു ഇന്ത്യന്‍ ബാറ്ററും സ്ഥിരതയോടെ പരമ്പരയില്‍ കളിച്ചില്ല. ബൗളര്‍മാരില്‍ അശ്വിന്‍ നിറം മങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
 
 മുംബൈയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ 25 റണ്‍സിനാണ് ന്യൂസിലന്‍ഡ് വിജയിച്ചത്. 147 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ 121 റണ്‍സിലാണ് ന്യൂസിലന്‍ഡ് ഒതുക്കിയത്. നാലാം ഇന്നിങ്ങ്‌സില്‍ നിരുത്തരവാദപരമായി ബാറ്റ് ചെയ്ത ബാറ്റിംഗ് നിരയ്ക്കാണ് ഈ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും. മുന്‍നിരയില്‍ രോഹിത് ശര്‍മയും വിരാട് കോലിയും തീര്‍ത്തും നിരാശപ്പെടുത്തി. ഒരു ഭാഗത്ത് 59 പന്തില്‍ 60 റണ്‍സുമായി റിഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്കായി പൊരുതിയത്. റിഷഭ് പന്തിനെ പുറത്താക്കിയതോടെ ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന ലാഘവത്തോടെയാണ് കിവികള്‍ ഇന്ത്യയെ കുഴിച്ചുമൂടിയത്.
 
 പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകളും വെള്ളത്തിലായി. അതിലേറെ സ്വന്തം മണ്ണില്‍ ആദ്യമായി വൈറ്റ് വാഷ് ചെയ്യപ്പെടുന്ന ടീമെന്ന നാണക്കേടും രോഹിത്തിന്റെയും സംഘത്തിന്റെയും പേരിലായിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിച്ചെങ്കില്‍ മാത്രമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പ്രവേശിക്കാനാവു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article