കണ്ടെടോ ഞാൻ അവനെ, എൻ്റെ പഴയ ആർസിബിയെ, മോനെ നീ ഇപ്പോഴും: ട്രോളിൽ നിറഞ്ഞ് ബാംഗ്ലൂർ

Webdunia
വെള്ളി, 7 ഏപ്രില്‍ 2023 (12:07 IST)
ഐപിഎല്ലിൽ ഏറെ ആരാധകപിന്തുണയുള്ള ഫ്രാഞ്ചൈസിയാണെങ്കിലും ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാൻ ആർസിബിക്ക് സാധിച്ചിട്ടില്ല. ശക്തമായ ബാറ്റിംഗ് നിരയും അന്താരാഷ്ട്ര തലത്തിൽ കഴിവ് തെളിയിച്ച നിരവധി കളിക്കാർ ഉണ്ടായിട്ടും ബൗളിംഗിൽ റൺസ് പരമാവധി വിട്ടുകൊടുക്കാനുള്ള ഹൃദയവിശാലതയാണ് എക്കാലത്തും ആർസിബിക്ക് പ്രശ്നമായിട്ടുള്ളത്.
 
ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അവർക്കെതിരെ പൂർണ്ണമായ ആധിപത്യം നേടിയിട്ടും ഡെത്ത് ഓവറുകളിൽ റൺസ് പരമാവധി വിട്ട് നൽകികൊണ്ട് ആർസിബി മത്സരം കൈവിടുകയായിരുന്നു. 12 ഓവർ കഴിയുമ്പോൾ 94 റൺസിന് അഞ്ച് വിക്കറ്റെന്ന് തകർന്ന് നിൽക്കുകയായിരുന്ന കൊൽക്കത്ത അവസാന 8 ഓവറിൽ അടിച്ചുകൂട്ടിയത് 110 റൺസ്. 150 പോലും കൊൽക്കത്ത കടക്കില്ലെന്ന് കരുതിയ ഇടത്ത് നിന്നായിരുന്നു ഈ കുതിപ്പ്.
 
ഹർഷൽ പട്ടേൽ മൂന്നോവറിൽ 38 റൺസും ആകാശ്ദീപ് 2 ഓവറിൽ 30 റൺസും ബ്രേസ്‌വെൽ 3 ഓവറിൽ 34 റൺസുമായി വാരിക്കോരി നൽകിയത്.ഡെത്ത് ഓവറുകളിലെ ഈ റൺസ് വിട്ടുകൊടുക്കൽ എക്കാലവും ആർസിബിയുടെ പ്രശ്നമായിരുന്നു. 300 റൺസ് വരെയടിക്കാൻ ശക്തമായ ബാറ്റിംഗ് നിരയും 350 റൺസ് വിട്ടുകൊടുക്കാൻ ശേഷിയുള്ള ബൗളിംഗ് നിരയുമുള്ള ആർസിബി ഇതോടെ ട്രോളുകളിൽ നിറഞ്ഞിരിക്കുകയാണ്.
 
പഴയ വിൻ്റേജ് ആർസിബിയെ തിരിച്ചുകിട്ടിയെന്ന് ഒരു വിഭാഗം പറയുമ്പോൾ മോനെ നീ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണോ ഈ സാല കപ്പൊന്നും വേണ്ടെയെന്നും വിമർശകർ ചോദിക്കുന്നു. കോലിയും ഡുപ്ലെസിസും മാക്സ്വെല്ലും ഫോമിലെത്തിയിട്ടും കാര്യമില്ല ആദ്യം ബൗളർമാർ 50 അടിക്കുന്നത് നിർത്തണമെന്ന് പറയുന്നവരും കുറവല്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article