നാല് വിക്കറ്റുകൾ, സ്മിത്തിനെ പുറത്താക്കിയ കിടിലൻ ത്രോ, രണ്ടാം ദിനത്തിൽ താരമായി ജഡേജ

വെള്ളി, 8 ജനുവരി 2021 (12:04 IST)
ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ താരമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 338 റൺസിന് അവസാനിച്ചപ്പോൾ മത്സരത്തിൽ നാലു വിക്കറ്റുകൾ നേടിയത് രവീന്ദ്ര ജഡേജയാണ്.
 
മത്സരത്തിൽ 18 ഓവറിൽ 62 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റാണ് ജഡേജ വീഴ്‌ത്തിയത്. ഇതോടൊപ്പം ഓസീസ് ബാറ്റിങ്ങിൽ നങ്കൂരമിട്ട സ്റ്റീവ് സ്മിത്തിനെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി പുറത്താക്കാനും ജഡേജയ്‌ക്ക് സാധിച്ചു. രണ്ടാം ദിനത്തിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ മാര്‍നസ് ലബുഷെയ്ന്‍ - സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് പൊളിച്ച് വിക്കറ്റ് വേട്ട തുടങ്ങിവെച്ചതും ജഡേജ തന്നെ. 
91 റൺസെടുത്ത ലബുഷെയ്‌നിനെ പവലിയനിലേക്കെത്തിച്ച ജഡേജ പിന്നാലെ മാത്യൂ വെയ്‌ഡിനെയും പുറത്താക്കി. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് ജഡേജയുടെ പന്തിന് ഇരയായ മറ്റുള്ളവർ.
 
മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ തകർത്തടിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ത്രോയാണ് മത്സരത്തിൽ ജഡേജയ്‌ക്ക് വലിയ കയ്യടികൾ നേടികൊടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍