ടി20 ലോകകപ്പ് ടീം പ്രഖ്യാപനം വന്നപ്പോള്‍ മലയാളി താരമായ സഞ്ജു സാംസണും ടീമില്‍ ഇടം ലഭിച്ച വാര്‍ത്ത സഞ്ജു ആരാധകരെ സന്തോഷത്തിലാക്കുന്നതായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിലെങ്കിലും സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയെങ്കിലും ഫൈനല്‍ മത്സരത്തിലും സഞ്ജു ടീമില്‍ ഇടം നേടാന്‍ സാധ്യതകള്‍ ഒന്നും തന്നെയില്ല. ശനിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ലോകകപ്പ് വിജയികളാവുകയാണെങ്കില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത അപൂര്‍വ്വനേട്ടത്തിനാകും സഞ്ജു അര്‍ഹനാകുക.
2007ലും 2011ലും ഇന്ത്യ ലോകകപ്പ് വിജയം നേടുമ്പോള്‍ ടീമില്‍ മലയാളി താരമായ ശ്രീശാന്ത് ഉണ്ടായിരുന്നു. ഇത്തവണ സഞ്ജുവിനും ലോകകപ്പ് ഉയര്‍ത്താനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഫൈനലില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുകയാണെങ്കില്‍ ഒരു മത്സരം പോലും കളിക്കാതെ ലോകകപ്പ് നേടിയ ടീമില്‍ ഭാഗമാകാന്‍ സഞ്ജുവിന് സാധിക്കും. ഈ നേട്ടം സ്വന്തമാക്കിയ വേറെയും താരങ്ങളുണ്ടെങ്കിലും ലോകകപ്പ് നേടാനായാല്‍ ഒരു മത്സരം പോലും കളിക്കാതെ ലോകകപ്പ് നേടിയ ടീമിലും ഐപിഎല്‍ നേടിയ ടീമിലും ഭാഗമായ താരമാകാന്‍ സഞ്ജുവിനാകും.
രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു കിരീടം ഒന്നും തന്നെ നേടിയിട്ടില്ലെങ്കിലും ഐപിഎല്ലില്‍ തന്റെ അരങ്ങേറ്റ സീസണായിരുന്ന 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു. ഒരു മത്സരം പോലും കൊല്‍ക്കത്തയ്ക്കായി കളിച്ചില്ലെങ്കിലും ആ സീസണില്‍ ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത ടീമില്‍ സഞ്ജുവും ഭാഗമായിരുന്നു. 2013ലായിരുന്നു സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ടൂര്‍ണമെന്റില്‍ പുറത്തായ 2016,2017 സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായും സഞ്ജു കളിച്ചിട്ടുണ്ട്.