Rajasthan Royals: അങ്ങനെ പടിക്കല്‍ കലമുടച്ചു, രണ്ടക്കത്തില്‍ ഓള്‍ഔട്ടായതിന്റെ നാണക്കേടും; സഞ്ജുവിനെതിരെ ആരാധകര്‍

Webdunia
ഞായര്‍, 14 മെയ് 2023 (19:28 IST)
Rajasthan Royals: സീസണില്‍ മികച്ച തുടക്കം ലഭിച്ചിട്ടും പ്ലേ ഓഫ് കാണാതെ പുറത്താകുന്നതിന്റെ വക്കിലെത്തി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് രാജസ്ഥാന്‍ തോല്‍വി വഴങ്ങി. ഈ തോല്‍വിയോട് രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്ഥാനത്തായി. 112 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. 
 
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 10.3 ഓവറില്‍ 59 റണ്‍സിന് രാജസ്ഥാന്‍ ഓള്‍ഔട്ടായി. 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ഷിമ്രോണ്‍ ഹെറ്റ്മയെര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ പൂജ്യത്തിനു പുറത്തായി. നായകന്‍ സഞ്ജു സാംസണ്‍ വെറും നാല് റണ്‍സ് മാത്രമാണ് നേടിയത്. 
 
വെയ്ന്‍ പാര്‍നല്‍ മൂന്ന് ഓവറില്‍ 10 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബാംഗ്ലൂരിന്റെ ജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ബ്രേസ്വെല്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 
 
നേരത്തെ ബാംഗ്ലൂരിന് വേണ്ടി ഫാഫ് ഡു പ്ലെസിസ് (44 പന്തില്‍ 55), ഗ്ലെന്‍ മാക്‌സ്വെല്‍ (33 പന്തില്‍ 54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 
 
ഈ തോല്‍വിയോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 13 കളികളില്‍ നിന്ന് 12 പോയിന്റ് മാത്രമാണ് രാജസ്ഥാന് ഉള്ളത്. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും രാജസ്ഥാന്‍ പ്ലേ ഓഫില്‍ കയറുന്ന കാര്യം സംശയത്തിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article