ദേവ് ദത്ത് പടിക്കലിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍. നിര്‍ണായക സമയത്ത് പോലും വളരെ സാവധാനത്തില്‍ ബാറ്റ് ചെയ്യുന്ന ദേവ് ദത്ത് പടിക്കലിന്റെ സമീപനമാണ് ആരാധകരെ ചൊടിപ്പിച്ചത്. പഞ്ചാബിനെതിരായ മത്സരത്തില്‍ വെറും അഞ്ച് റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്.
നിര്‍ണായക സമയത്ത് പോലും വല്ലാത്തൊരു നെഗറ്റീവ് കളിയാണ് ദേവ് ദത്തിന്റേതെന്ന് രാജസ്ഥാന്‍ ആരാധകര്‍ വിമര്‍ശിക്കുന്നു. 26 പന്തില്‍ വെറും 21 റണ്‍സാണ് ദേവ് ദത്ത് പടിക്കല്‍ നേടിയത്. നേടിയത് ഒരു ഫോര്‍ മാത്രം ! 200 ന് അടുത്ത സ്‌കോര്‍ ചേസ് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു തണുപ്പന്‍ ഇന്നിങ്സ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ക്രീസില്‍ നങ്കൂരമിട്ട ശേഷം വമ്പന്‍ അടിക്ക് ശ്രമിക്കുന്ന ശൈലിയൊന്നും ട്വന്റി 20 ക്ക് ചേരുന്നതല്ലെന്നാണ് ആരാധകര്‍ പറയുന്നത്. 80.77 ആണ് പഞ്ചാബിനെതിരായ മത്സരത്തില്‍ ദേവ് ദത്തിന്റെ സ്ട്രൈക് റേറ്റ്. സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്താണ് ദേവ് ദത്ത് പടിക്കല്‍ പുറത്തായത്.
സ്വയം കളിക്കുന്നില്ല എന്ന് മാത്രമല്ല നന്നായി കളിക്കുന്നവരെ പോലും സമ്മര്‍ദ്ദത്തിലാക്കി ഔട്ടാക്കുകയാണ് ദേവ് ദത്ത് പടിക്കല്‍ ചെയ്യുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. പഞ്ചാബിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമാകാന്‍ കാരണം ദേവ് ദത്ത് പടിക്കലാണെന്നാണ് ആരാധകരുടെ പരിഹാസം. നന്നായി കളിക്കുകയായിരുന്ന ഇരുവരും ദേവ് ദത്ത് പടിക്കലിന്റെ മെല്ലെപ്പോക്ക് കാരണം സമ്മര്‍ദ്ദത്തിലാകുകയായിരുന്നെന്നാണ് വിമര്‍ശനം.
ഐപിഎല്ലില്‍ ഇതുവരെ 48 മത്സരങ്ങളില്‍ നിന്ന് 1283 റണ്‍സാണ് ദേവ് ദത്ത് പടിക്കല്‍ നേടിയിരിക്കുന്നത്. ശരാശരി 27.3, സ്ട്രൈക് റേറ്റ് 122.89. ട്വന്റി 20 ഫോര്‍മാറ്റിനു ചേരുന്നതല്ല പടിക്കലിന്റെ കണക്കുകള്‍. ഒന്നുകില്‍ ദേവ് ദത്ത് പടിക്കലിനെ ഓപ്പണിങ് ഇറക്കുക അല്ലെങ്കില്‍ ബെഞ്ചില്‍ ഇരുത്തുകയാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു.