ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി മുഹമ്മദ് ഷമി ഇറങ്ങുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ. ഷമിയെ ഓസ്‌ട്രേലിയയിലേക്ക് അയക്കില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. താരം പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് അയക്കുക അസാധ്യമെന്നും ബിസിസിഐ വ്യക്തമാക്കി.
ഷമിയുടെ ഇടത് കാല്‍ മുട്ടില്‍ ചെറിയൊരു നീര് ഉണ്ട്. നേരത്തെ ഉണ്ടായിരുന്ന പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാണെങ്കിലും പുതിയ പരുക്ക് തിരിച്ചടിയാണ്. അമിതമായി സമ്മര്‍ദ്ദം നല്‍കിയാല്‍ നിലവിലെ ചെറിയ നീര് കൂടുതല്‍ സങ്കീര്‍ണമായേക്കാം. വിശ്രമം ആവശ്യമായതിനാലാണ് ഷമിയെ ഓസ്‌ട്രേലിയയിലേക്കു അയക്കാത്തതെന്നാണ് ബിസിസിഐയുടെ വിശദീകരണം.
ഏകദിന ലോകകപ്പില്‍ പരുക്കേറ്റ ഷമി ദീര്‍ഘകാലം വിശ്രമത്തിലായിരുന്നു. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ താരം പിന്നീട് രഞ്ജി ട്രോഫിയിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷമിയെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്.