2004ൽ നാഗ്പൂരിൽ പച്ചപ്പുള്ള പിച്ചൊരുക്കി, പിച്ച് പേടിച്ച് ഗാംഗുലി പിന്മാറിയെന്ന് മുൻ ക്യൂറേറ്റർ കിഷോർ പ്രധാൻ

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2023 (15:19 IST)
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾ നടന്ന വർഷമായിരുന്നു 2004. നാല് മത്സരങ്ങളടങ്ങിയ പരമ്പര അന്ന് ഓസീസ് ടീം ഇന്ത്യയിലേക്ക് വന്ന് 2-1ന് സ്വന്തമാക്കിയിരുന്നു. അന്ന് ബെംഗളുരുവിലും നാഗ്പൂരിലും ഓസ്ട്രേലിയ വിജയിച്ചപ്പോൾ മുംബൈയിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഈ പരമ്പരയ്ക്ക് ശേഷം ഇതുവരെയും ഇന്ത്യയിൽ പരമ്പര വിജയം സ്വന്തമാക്കാൻ ഓസീസിനായിട്ടില്ല.
 
ഇപ്പോഴിതാ പരമ്പരയിലെ നാഗ്പൂർ ടെസ്റ്റിനെ പറ്റിയുള്ള ക്യൂറേറ്റർ കിഷോർ പ്രധാനിൻ്റെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും ചെന്നൈ ടെസ്റ്റ് സമനിലയിലാകുകയും ചെയ്തിരുന്നു. പരമ്പരയിൽ 1-0ന് പിന്നിലായിരുന്ന ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചെത്താൻ നാഗ്പൂർ ടെസ്റ്റിലെ വിജയം അനിവാര്യമായിരുന്നു. സ്പിൻ കരുത്തിൽ കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് മുന്നിൽ പച്ചപ്പുള്ള പിച്ചാണ് ക്യൂറേറ്റർ കിഷോർ പ്രധാൻ ഒരുക്കിയത്. പേസി പിച്ചിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയതോടെ പരമ്പരയിൽ ഓസീസ് 2-0ന് മുന്നിലെത്തി.നാഗ്പൂർ ടെസ്റ്റിൻ്റെ പേരിൽ തനിക്ക് പശ്ചാത്താപമില്ലെന്നാണ് കിഷോർ പ്രധാൻ പറയുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ഗാംഗുലി പിച്ച് കണ്ടതിനെ തുടർന്ന് എന്നോട് സംസാരിച്ചു. എന്നാൽ വിസിഐ മേധാവിയുമായി കൂടിയാലോചിച്ചാണ് പിച്ചൊരുക്കിയതെന്നും നിങ്ങൾ ഈ വിക്കറ്റിലാണ് കളിക്കേണ്ടതെന്നും ഞാൻ ഗാംഗുലിയോട് പറഞ്ഞു.
 
എന്നാൽ ഓഫ്സ്പിന്നർ ഹർഭജനെ പോലെ പരിക്കുണ്ടെന്ന് കാണിച്ച് ഗാംഗുലി ആ മത്സരത്തിൽ നിന്നും പിന്മാറി. നിർഭാഗ്യവശാൽ മത്സരം തുടങ്ങും മുൻപ് തന്നെ ബാറ്റർമാർ മത്സരം തോറ്റു. ആ പിച്ചിൻ്റെ കാര്യത്തിൽ എനിക്ക് പശ്ചാത്താപമില്ല. പ്രധാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article