പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

അഭിറാം മനോഹർ

ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (17:48 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ നാളായി സാന്നിധ്യമറിയിക്കുന്ന താരമാണെങ്കിലും ഇന്നും ഇന്ത്യയുടെ ഒരു ഫോര്‍മാറ്റിലെയും സ്ഥിര സാന്നിധ്യമായി മാറാന്‍ മലയാളി താരം സഞ്ജു സാംസണിനായിട്ടില്ല. ഇന്ത്യയുടെ അവസാന ടി20 ലോകകപ്പിലും സഞ്ജു സാംസണ്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന ടി20 പരമ്പരയില്‍ സഞ്ജു പൂര്‍ണമായും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
 
ഇപ്പോഴിതാ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യത കുറവാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സമീപകാലത്ത് മോശം ഫോം പ്രശ്‌നമാണെങ്കിലും സഞ്ജു സാംസണെ തഴയരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ മലയാളി പേസര്‍ എസ് ശ്രീശാന്ത്. സഞ്ജുവിനെ ഏകദിന പരമ്പരയില്‍ മാറ്റിനിര്‍ത്തിയത് ശരിയല്ലെന്ന് ശ്രീശാന്ത് പറയുന്നു.
 
 ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ചുറി നേടിയ താരമാണ് സഞ്ജു. എന്നാല്‍ ഇപ്പോള്‍ ടീമിന് പുറത്താണ്. സഞ്ജുവിന് ഇനിയും കരിയര്‍ ബാക്കിയുണ്ട്. രാഷ്ട്രീയം കളിച്ച് അത് നശിപ്പിക്കരുത്. ഗൗതം ഗംഭീര്‍ പരിശീലകനാവുന്നതിന് മുന്‍പ് സഞ്ജുവിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ മറക്കരുത്. മികച്ച ഭാവിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററെന്നാണ് ഗംഭീര്‍ സഞ്ജുവിനെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ പരിശീലകനാവുമ്പോള്‍ വാക്ക് മാറ്റരുത്. സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കാതെ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തയ്യാറാകണം. പത്രിക ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍