ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഒരു പ്രശ്‌നമല്ല, റിഷഭ് പന്തിന്റെ റോള്‍ പ്രധാനമാകും: ഗൗതം ഗംഭീര്‍

അഭിറാം മനോഹർ

ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (16:07 IST)
Gambhir Coach
ബംഗ്ലാദേശിനെതിരായ റ്റെസ്റ്റ് പരമ്പരയ്ക്ക് മുന്നെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ധ്രുവ് ജുറല്‍,സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് ആദ്യ ടെസ്റ്റില്‍ ഇടം ലഭിക്കില്ലെന്ന് സൂചന നല്‍കിയ ഗംഭീര്‍ പരമ്പരയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര,വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമാകുമെന്നും വ്യക്തമാക്കി.
 
ഒരു ക്രിക്കറ്റ് രാജ്യമെന്ന നിലയില്‍ ഇന്ത്യക്കാര്‍ എല്ലായ്‌പ്പോഴും ബാറ്റര്‍മാര്‍ക്ക് പിന്നാലെയാണെന്നും എന്നാല്‍ ജസ്പ്രീത് ബുമ്രയുടെ വരവോടെ ഇന്ത്യന്‍ ആരാധകര്‍ ബൗളര്‍മാരെയും അംഗീകരിക്കാന്‍ തുടങ്ങിയതായും ഗംഭീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് അശ്വിന്‍- ജഡേജ എന്ന സ്പിന്‍ സഖ്യമുള്ളത് വലിയ ഭാഗ്യമാണ്. ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവര്‍ക്ക് അവസരം നല്‍കാനാണ് ടീം തീരുമാനം. സര്‍ഫറാസ് ഖാനും ധ്രുവ് ജുറലും അവസരത്തിനായി കാത്തിരിക്കേണ്ടതായി വരും.
 
നിലവില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍ ജസ്പ്രീത് ബുമ്രയാണ്. ഒരു ക്രിക്കറ്റ് രാജ്യമെന്ന നിലയില്‍ ബാറ്റര്‍മാര്‍ക്ക് മാത്രമാണ് ഇവിടെ സ്വീകാര്യത ലഭിക്കാറുള്ളത്. ബുമ്ര ആ അവസ്ഥയില്‍ മാറ്റം വരുത്തി. ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഒരു വെല്ലുവിളിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. മികച്ച നിലവാരമുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ റിഷഭ് പന്ത് ഇന്ത്യയ്ക്കായി കളിക്കും. എന്തെല്ലാം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ചെയ്യാമെന്ന് പന്ത് കാണിച്ചുതന്നിട്ടുള്ളതാണ്. പന്തിന്റെ വരവ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ഗംഭീര്‍ പറഞ്ഞു.
 
 ജയ്‌സ്വാള്‍- രോഹിത് ശര്‍മ സഖ്യമാകും ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. മൂന്നാമനായി ശുഭ്മാന്‍ ഗില്ലും നാലാമനായി വിരാട് കോലിയും ക്രീസിലെത്തും. കെ എല്‍ രാഹുല്‍, പന്ത്, ജഡേജ എന്നിവര്‍ മധ്യനിരയിലുണ്ടാകും. 3 സ്പിന്നര്‍മാരും 2 പേസര്‍മാരുമാകും ബംഗ്ലാദേശിനെതിരെ കളിക്കുകയെന്നും ഗംഭീര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍