ബോർഡർ- ഗവാസ്കർ ട്രോഫി: കോലിയെ കാത്ത് 3 വമ്പൻ റെക്കോർഡുകൾ

ചൊവ്വ, 7 ഫെബ്രുവരി 2023 (14:28 IST)
ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആവേശത്തിൻ്റെ പരകോടിയിലാണ് ക്രിക്കറ്റ് ആരാധകർ. അവസാന 2 തവണയും ഓസ്ട്രേലിയയിൽ വെച്ച് കപ്പ് സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ പ്രവേശനം നേടണമെങ്കിൽ പരമ്പരയിൽ വിജയിക്കേണ്ടത് അനിവാര്യമാണ്.
 
റിഷഭ് പന്ത്,ശ്രേയസ് അയ്യർ എന്നിവരുടെ പരിക്ക് തിരിച്ചടിയാണെങ്കിലും പരിമിത ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മുൻ നായകൻ വിരാട് കോലിയുടെ പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നതാണ്. 3 വമ്പൻ റെക്കോർഡുകളാണ് പരമ്പരയിൽ കോലിയെ കാത്തിരിക്കുന്നത്. നിലവിൽ 7 ടെസ്റ്റ് സെഞ്ചുറികളുമായി ഓസീസിനെതിരെ കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് വിരാട് കോലി. 8 സെഞ്ചുറികളുമായി സുനിൽ ഗവാസ്കറും 11 സെഞ്ചുറികളുമായി സച്ചിൻ ടെൻഡുൽക്കറുമാണ് ലിസ്റ്റിൽ മുന്നിലുള്ളത്.
 
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 8119 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് കോലി, ഓസീസുമായുള്ള പരമ്പരയിൽ 391 റൺസ് സ്വന്തമാക്കാനായാൽ ടെസ്റ്റ് റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള വിരേന്ദർ സെവാഗിനെ മറികടക്കാൻ കോലിയ്ക്ക് സാധിക്കും. കൂടാതെ പരമ്പരയിൽ 64 റൺസ് നേടാനായാൽ 25,000 അന്താരാഷ്ട്ര റൺസെന്ന നേട്ടം സ്വന്തമാക്കാനും കോലിക്ക് സാധിക്കും. 546 ഇന്നിംഗ്സിൽ നിന്നും 24,936 റൺസാണ് നിലവിൽ കോലിയുടെ പേരിലുള്ളത്. 576 ഇന്നിങ്ങ്സുകളിൽ നിന്നും 25,000 റൺസ് സ്വന്തമാക്കിയ സച്ചിൻ ടെൻഡുൽക്കറെയാകും കോലി മറികടക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍