Pakistan: പാക്കിസ്ഥാന്റെ സാധ്യതകള്‍ മങ്ങുന്നു, സെമി കാണാതെ പുറത്തേക്ക് !

Webdunia
ശനി, 28 ഒക്‌ടോബര്‍ 2023 (07:57 IST)
Pakistan: ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ മങ്ങി. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയത്തോടെ നാല് പോയിന്റുമായി ആറാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും പാക്കിസ്ഥാന് സെമിയില്‍ കയറാന്‍ സാധിക്കുക. 
 
ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോടാണ് പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ജയിക്കാനായത് ശ്രീലങ്കയ്‌ക്കെതിരെയും നെതര്‍ലന്‍ഡ്‌സിനെതിരെയും മാത്രം. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയാണ് പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന് പ്രതീക്ഷകളോട് അടുത്ത മൂന്ന് മത്സരത്തിനു ഇറങ്ങാമായിരുന്നു. ഇനി അടുത്ത മൂന്ന് കളികള്‍ ജയിച്ചാലും പാക്കിസ്ഥാന് 10 പോയിന്റ് ആകുകയേ ഉള്ളൂ. ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കും ഇപ്പോള്‍ തന്നെ പത്ത് പോയിന്റ് ഉണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് കളികളും ഇന്ത്യക്ക് നാല് കളികളും ശേഷിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് എട്ട് പോയിന്റും നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് ആറ് പോയിന്റുമാണ് ഉള്ളത്. ഇരുവര്‍ക്കും ഇനി ശേഷിക്കുന്ന നാല് കളികളില്‍ രണ്ട് ജയം മതി സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാന്‍. ഇതാണ് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article