ഹാര്‍ദിക് പാണ്ഡ്യക്ക് മൂന്ന് കളികള്‍ നഷ്ടമായേക്കും; അശ്വിനെ കളിപ്പിക്കാന്‍ ഇന്ത്യ, സൂര്യകുമാറിന്റെ വഴിയടഞ്ഞു !

വെള്ളി, 27 ഒക്‌ടോബര്‍ 2023 (12:13 IST)
പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മൂന്ന് മത്സരങ്ങള്‍ കൂടി നഷ്ടമായേക്കും. ഒക്ടോബര്‍ 29 ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ടിനെതിരെ ഹാര്‍ദിക് കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരശേഷം നടക്കാനിരിക്കുന്ന ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തിലും ഹാര്‍ദിക് കളിച്ചേക്കില്ല. പരുക്കില്‍ നിന്ന് താരം പൂര്‍ണ മുക്തി നേടിയിട്ടില്ലെന്നാണ് വിവരം. 
 
വേദന സംഹാരികളുടെ സഹായത്താല്‍ ഹാര്‍ദിക്കിനെ കളിപ്പിക്കാമെന്ന് ബിസിസിഐയ്ക്ക് വൈദ്യസംഘം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ ആരോഗ്യം വെച്ച് അങ്ങനെയൊരു റിസ്‌ക് എടുക്കേണ്ട ആവശ്യമില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. പരുക്ക് പൂര്‍ണമായി മാറിയ ശേഷം ഹാര്‍ദിക് കളിച്ചാല്‍ മതിയെന്നും ബിസിസിഐ നിലപാടെടുത്തു. അടുത്ത ആഴ്ചയോടെ ഹാര്‍ദിക്കിന് പരിശീലനം തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 
 
അതേസമയം ഹാര്‍ദിക്കിന്റെ അസാന്നിധ്യത്തില്‍ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവ് പുറത്തിരിക്കും. പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ തുടരും. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം അശ്വിനും ഉണ്ടാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍