ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്താന്‍ വൈകും; അഞ്ച് ബൗളര്‍ പരീക്ഷണം തുടരാന്‍ ഇന്ത്യ

ബുധന്‍, 25 ഒക്‌ടോബര്‍ 2023 (10:25 IST)
കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ലോകകപ്പിലെ അടുത്ത മത്സരവും നഷ്ടമായേക്കും. ഒക്ടോബര്‍ 29 ന് ലഖ്‌നൗവിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ടാണ് എതിരാളികള്‍. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരവും ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. 
 
ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ഹാര്‍ദിക് ഇപ്പോള്‍ ഉള്ളത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുന്‍പ് ഹാര്‍ദിക് ലഖ്‌നൗവിലുള്ള ടീം ക്യാംപിനൊപ്പം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കാല്‍മുട്ട് വേദന കുറയാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഹാര്‍ദിക്കിന് പുറത്തിരിക്കേണ്ടി വരും. 
 
അതേസമയം ഹാര്‍ദിക് കളിക്കാത്ത സാഹചര്യത്തില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ പോലെ അഞ്ച് ബൗളര്‍ ഓപ്ഷന്‍ ഇന്ത്യ തുടരാനാണ് സാധ്യത. മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുന്നതിനായി സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തിയേക്കും. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുമ്പോള്‍ അതില്‍ ആര്‍ക്കെങ്കിലും തങ്ങളുടെ പത്ത് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ എന്ത് ചെയ്യും എന്നതിനെ കുറിച്ചാണ് ഇന്ത്യന്‍ ക്യാംപിന്റെ ആശങ്ക. അങ്ങനെ വന്നാല്‍ വിരാട് കോലിയെ ആറാം ബൗളറായി ഉപയോഗിക്കേണ്ടി വരും. 
 
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍