Angelo Mathews: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ഇപ്പോള്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ യോഗ്യതാ മത്സരം കളിച്ച് ലോകകപ്പിലേക്ക് എത്തിയ ശ്രീലങ്ക എട്ട് വിക്കറ്റിന് അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 25.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 36 കാരനായ ആഞ്ചലോ മാത്യുസ് ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മാത്യുസിന് ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. മതീഷ പതിരാനയ്ക്ക് പരുക്കേറ്റപ്പോള്‍ പകരക്കാരനായാണ് മാത്യുസ് ടീമില്‍ എത്തിയത്. ഇപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ നായകന്‍.
അഞ്ച് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ മാത്യുസ് വീഴ്ത്തി. ഡേവിഡ് മലാന്‍, മൊയീന്‍ അലി എന്നിവരെയാണ് മാത്യുസ് പുറത്താക്കിയത്. ജോ റൂട്ടിനെ റണ്‍ഔട്ടിലൂടെ പുറത്താക്കിയതില്‍ മാത്യുസിന്റെ ഫീല്‍ഡിങ് മികവ് എടുത്തുപറയണം. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ നൂറ് ശതമാനം ആത്മസമര്‍പ്പണത്തോടെ കളിക്കണമെന്നും മാത്രമാണ് മാത്യുസിന്റെ മനസില്‍ ഉള്ളത്.
2011 മുതല്‍ 2023 വരെ നാല് ലോകകപ്പുകളിലും മാത്യുസ് ഇപ്പോള്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചു. അതില്‍ 2015 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് മാത്യുസ് ആണ്. അന്ന് ലങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. മാത്യുസിന്റെ പരിചയസമ്പത്ത് തങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നാണ് ലങ്കന്‍ ടീമിന്റെ വിശ്വാസം. യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും മാത്യുസിന് സാധിക്കുന്നുണ്ട്.
ശ്രീലങ്കയ്ക്ക് വേണ്ടി 159 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 4.61 ഇക്കോണമിയില്‍ 122 വിക്കറ്റുകളാണ് മാത്യുസ് നേടിയിരിക്കുന്നത്. ബാറ്റിങ്ങില്‍ 191 ഇന്നിങ്‌സുകളില്‍ നിന്ന് 41.01 ശരാശരിയില്‍ 5865 റണ്‍സ് നേടാനും താരത്തിനു സാധിച്ചിട്ടുണ്ട്. ജൂണില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് മാത്യുസ് ശ്രീലങ്കയ്ക്കായി അവസാന ഏകദിനം കളിച്ചത്. ലോകകപ്പില്‍ എന്നല്ല ഇനിയൊരു ഏകദിന പരമ്പരയില്‍ പോലും ശ്രീലങ്കന്‍ ടീമിന്റെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് കരുതിയിടത്തു നിന്നാണ് മാത്യുസിന്റെ ഞെട്ടിക്കുന്ന തിരിച്ചുവരവ്.