കാണികള്‍ എന്നെ കൂകിവിളിക്കുകയും ചതിയനെന്ന് വിളിക്കുകയും ചെയ്യുന്നതില്‍ എന്താണ് തെറ്റ് ?- മുഹമ്മദ് അസീഫ്

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (13:37 IST)
വാതുവെപ്പ് ഇടപാടില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന താന്‍ ഉടന്‍തന്നെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസീഫ്. തിരിച്ചടികളിലൂടെയാണ് കടന്നു പോകുന്നത്. കാണികള്‍ എന്നെ കൂകിവിളിക്കുകയും ചതിയനെന്ന് വിളിക്കുകയും ചെയ്യുന്നതില്‍ എന്താണ് തെറ്റ്. എന്റെ വലിയ തെറ്റിന് അവര്‍ ശിക്ഷ തരുന്നതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കാണികള്‍ എന്നെ കൂകിവിളിക്കുകയും ചതിയനെന്ന് വിളിക്കുകയുമാണ്. ക്രിക്കറ്റ് പ്രേമികള്‍ അവരുടെ വിദ്വേഷം പ്രകടമാക്കിക്കോട്ടെ. ഞാന്‍ വലിയൊരു പിഴവ് വരുത്തി. അതിന് അള്ളാഹുവിനോടും രാഷ്ട്രത്തോടും ഞാന്‍ ക്ഷമ പറഞ്ഞ് കഴിഞ്ഞുവെന്നും മുഹമ്മദ് അസീഫ് വ്യക്തമാക്കി. കളിക്കളത്തിലെ നല്ല പെരുമാറ്റവും പ്രകടനവും കൊണ്ട് ക്രിക്കറ്റിലേക്ക് മടങ്ങി വരാമെന്നാണ് കരുതുന്നത്. തെറ്റുകള്‍ എല്ലാം തിരിച്ചറിയാന്‍ സാധിച്ചുവെന്നും പാക് താരം പറഞ്ഞു.

2010ലെ ലോഡ്‌സ് ടെസ്‌റ്റില്‍ വാതുവെപ്പ് കാരില്‍ നിന്ന് പണം വാങ്ങി മനപ്പൂര്‍വ്വം നോ ബോള്‍ എറിഞ്ഞതിനാണ് അസീഫ്,  മുഹമ്മദ് അമീര്‍,  മുന്‍ നായകന്‍ സല്‍മാന്‍ ഭട്ട് എന്നിവര്‍ക്ക് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്. അഞ്ചു വര്‍ഷമായി കളത്തിന് പുറത്തിരിക്കുന്ന
അസീഫിന് ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാമെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.