ബെയര്‍‌സ്റ്റോയ്‌ക്കെതിരെ കൈയേറ്റശ്രമം; 'ജാര്‍വോ 69' അറസ്റ്റില്‍

Webdunia
ശനി, 4 സെപ്‌റ്റംബര്‍ 2021 (08:23 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ഇംഗ്ലീഷുകാരന്‍ ജാര്‍വോ അറസ്റ്റില്‍. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ബൗളറുടെ വേഷത്തില്‍ ജാര്‍വോ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു പ്രവേശിക്കുന്നത്. ഓവലില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിവന്ന് ബൗള്‍ ചെയ്യുകയായിരുന്നു ജാര്‍വോ ചെയ്തത്. നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയുടെ ദേഹത്തുവന്ന് ജാര്‍വോ ഇടിക്കുകയും ചെയ്തു. ബെയര്‍സ്‌റ്റോയ്‌ക്കെതിരെ കൈയേറ്റശ്രമം നടത്തിയെന്ന് ആരോപിച്ചാണ് ജാര്‍വോയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,23,000 സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യുട്യൂബ് ചാനലിന് ഉടമയാണ് ജാര്‍വോ. ഓവലില്‍ വച്ച് തന്നെയാണ് ജാര്‍വോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൗത്ത് ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ് ജാര്‍വോ ഇപ്പോള്‍. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പൂര്‍ത്തിയായിട്ടേ ജാര്‍വോയെ ഇനി റിലീസ് ചെയ്യൂ എന്നാണ് റിപ്പോര്‍ട്ട്. ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് കളി തടസപ്പെടുത്തുന്നത് പ്രാങ്ക് ആയി അവതരിപ്പിച്ച് തന്റെ യൂട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടുകയാണ് ജാര്‍വോയുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article