ഐസിസി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനെതിരെ ആരോപണങ്ങളുന്നയിച്ച് ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഇടയുന്ന സാഹചര്യം സംജാതമായതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. ശ്രീനിവാസന്‍ പക്ഷത്ത് നിലയുറപ്പിച്ചവരാണ് ജൂണില്‍ നടക്കാനിരിക്കുന്ന പര്യടനം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. അതേസമയം ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ലോകകപ്പില്‍ ഇന്ത്യയുടെ കളികളിൽ ഐസിസി അനുകൂല പിച്ചുകൾ ഒരുക്കുന്നുവെന്നും. ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയക്കു എന്‍ ശ്രീനിവാസന്‍ കിരീടം കൈമാറിയതിലും പ്രതിഷേധിച്ച് ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചത്. ഇന്ത്യ-ബംഗ്ളാദേശ് മൽസരത്തിൽ രോഹിത് ശർമയെ ഔട്ട് വിളിക്കാത്ത അമ്പയറുടെ നിലപാടിനെയും കമാല്‍ ശക്തമായി എതിര്‍ത്തിരുന്നു.
ചട്ടമനുസരിച്ച് ലോകകപ്പ് ട്രോഫി താനാണ് വിജയികള്‍ക്ക് കൈമാറേണ്ടിയിരുന്നത്. തന്റെ അനുവാദത്തോടെയല്ല ശ്രീനിവാസൻ സമ്മാനദാനം നടത്തിയത്. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ഒരു ബംഗ്ളാദേശി ചാനലിനു നൽകിയ അഭിമുഖത്തിൽ മുസ്തഫ കമാൽ പറഞ്ഞിരുന്നു. ട്രോഫി കൈമാറാൻ തന്നെ അനുവദിപ്പിക്കാതിരുന്നതിന്റെ കാര്യം ഐസിസി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ-ബംഗ്ളാദേശ് മൽസരത്തിൽ അമ്പയർ ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.