നാലാം നമ്പറില്‍ ഇറങ്ങാനുള്ള ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ധോണി നാലാം നമ്പറില്‍ തന്നെ ഇറങ്ങുകയാണ് വേണ്ടത്. ഫിനിഷറായി വരേണ്ട താരം 40 ഓവറിനു ശേഷം മാത്രമെ ക്രീസില്‍ എത്താവൂ എന്ന് നിയമമില്ല. വലറ്റത്ത് ഇറങ്ങിയാൽ മാത്രമേ മത്സരം ജയിപ്പിക്കാൻ കഴിയൂ എന്ന ചിന്ത തെറ്റാണെന്നും ഗാംഗുലി പറഞ്ഞു.
ധോണിക്ക് മത്സരം ജയിപ്പിക്കാനുള്ള കഴിവുണ്ട്. നാലാം നമ്പറില്‍ ഇറങ്ങിയാലും അദ്ദേഹത്തിന് മത്സരം ഫിനിഷ് ചെയ്യാനാകും. ഇന്ത്യന്‍ നായകന്റെ ഈ നീക്കത്തിന് എതിരാളികളെ വേഗത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കും. അതിനാല്‍ ധോണി നാലാം നമ്പറില്‍ തന്നെ ഇറങ്ങണമെന്നും ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തിലെ തോൽവിക്കു ശേഷം ഗാംഗുലി പറഞ്ഞു.
മൂന്നാം സ്‌ഥാനത്തിറങ്ങുന്ന സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് മത്സരം ജയിപ്പിക്കാൻ കഴിയുന്നുണ്ട്. കോഹ്ലിയെ കൂടുതലായി ആശ്രയിക്കുന്നതല്ല, മറിച്ച് കിവീസ് മികച്ച ടീമായതുകൊണ്ടാണ് അവർക്കു ജയിക്കാൻ കഴിഞ്ഞതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.