2014ലെ അഡലൈഡിലെ ടെസ്റ്റ് പരമ്പരക്കിടെ വിരാട് കോഹ്‌ലിയുടെ ഹെല്‍മെറ്റില്‍ താന്‍ ഏറിഞ്ഞ പന്ത് കൊണ്ടപ്പോള്‍ ഭയന്നു പോയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണ്‍. അദ്ദേഹത്തിന്റെ ആത്മകഥയിലാണ് ഈ കാര്യം പറയുന്നത്.
ബാറ്റ്‌സ്‌മാനു നേരെ അതിവേഗത്തില്‍ ഷോട്ട് ബോളുകള്‍ എറിയുന്നത് എന്നും തന്റെ രീതിയായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു അഡലൈഡ് ടെസ്‌റ്റില്‍ കോഹ്‌ലിക്കെതിരെ ബൗണ്‍സര്‍ എറിഞ്ഞത്. പന്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കാതിരുന്നതു മൂലം കോഹ്‌ലിയുടെ ഹെല്‍മറ്റില്‍ ബൗണ്‍സര്‍ കൊള്ളുകയായിരുന്നുവെന്നും മിച്ചല്‍ ജോണ്‍സണ്‍ വ്യക്തമാക്കുന്നു.
പന്ത് കോഹ്‌ലിയുടെ ഹെല്‍മെറ്റിലിടിച്ചപ്പോള്‍ താന്‍ ആകെ തളര്‍ന്നു പോയി. മനസ് വല്ലാതങ്ങ് ഉലഞ്ഞു പോയ നിമിഷമായിരുന്നു അത്. ഒരുതരം നിര്‍ജീവാവസ്ഥയായിരുന്നു അപ്പോള്‍ തോന്നിയതെന്നും ജോണ്‍സണ്‍ പറയുന്നു.
ഫില്‍ ഹ്യൂസ് മരണപ്പെട്ട് ഏറെ കഴിയും മുമ്പായിരുന്നു ഈ സംഭവം അതിനാലാണ് താന്‍ ആകെ തകര്‍ന്നു പോയത്. ഇതിനു ശേഷം ഏറെ നാള്‍ ഷോര്‍ട്ട് ബോളുകള്‍ എറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. മനസില്‍ നീറുന്ന കുറ്റബോധമായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളിലെന്നും ജോണ്‍സണ്‍ തന്റെ ആത്മകഥയില്‍ പറയുന്നു.