അവര്‍ പറയുന്നത് തന്നെ ചിന്തിച്ചിരുന്നാല്‍ നമ്മുടെ സമനിലതെറ്റും: ധോണി നൽകിയ ഉപദേശത്തെ കുറിച്ച് മുഹമ്മദ് സിറാജ്

ഞായര്‍, 25 ഒക്‌ടോബര്‍ 2020 (14:34 IST)
ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷം ഐപിഎല്ലിലെ സെൻസേഷൻ ആയ താരമാണ് മുഹമ്മദ് സിറാജ്. കൊൽക്കത്തയുടെ അടിത്തറ ഇളക്കിയത് സിറാജ് നേടിയ മൂന്നു വിക്കറ്റുകളായിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കനാകാതെ വിമർശനം നേരിട്ട താരത്തിൽനിന്നും അപ്രതീക്ഷിതമായ പ്രകടനമായിരുന്നു അത്. ഇപ്പോഴിതാ ധോണി തനിയ്ക്ക് നൽകിയ ഉപദേശം തുറന്നുപറഞ്ഞ് രംഗത്തെത്തിയിയ്ക്കുകയാണ് താരം.   
 
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കാര്യമാക്കി എടുക്കരുത് എന്നാണ് ധോണി പറയാറ് എന്ന് സിറാജ് പറയുന്നു. 'ഒരു മോശം കളി ഉണ്ടായാൽ നമ്മുക്ക് മികവില്ലെന്ന് അവര്‍ പറയും. അത്തരം അഭിപ്രായങ്ങൾ തന്നെ ചിന്തിച്ചിരുന്നാല്‍ നമ്മുടെ സമനില തെറ്റും. എന്നാൽ അടുത്ത കളിയില്‍ നമ്മള്‍ മികവ് കാണിച്ചാല്‍ ഇതേ ആളുകള്‍ തന്നെ നമ്മളെ പ്രശംസിക്കുകയും മികച്ച ബൗളര്‍ ആണെന്ന് പറയുകയും ചെയ്യും എന്ന് ധോണി പറഞ്ഞിട്ടുണ്ട്' സിറാജ് ഓർത്തെടുത്തു. 
 
4 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് കൊല്‍ക്കത്തക്കെതിരെ മുഹമ്മദ് സിറാജ് നേടിയത്. രണ്ട് മെയ്ഡൻ ഓവറുകളും സിറാജിൽനിന്നും ഉണ്ടായി. മറ്റു ബൗളർമാരും മികവ് കാട്ടിയതോടെ 20 ഓവറില്‍ 84 എന്ന നിലയിലേയ്ക്ക് കൊൽക്കത്ത ഒതുങ്ങി. 13.3 ഓവറിൽ രണ്ട് വികറ്റ് മാത്രം നഷ്ടത്തിൽ ബംഗ്ലൂർ അതിവേഗം ജയം സ്വന്താക്കുകയായിരുന്നു. ഇനി ഒരു ജയം കൂടി നേടിയാൽ ആർസിബിയ്ക്ക് പ്ലേഓഫിലെത്താം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍