അവൻ എത്രകാലം തുടരുമെന്ന് നോക്കട്ടെ എന്നിട്ട് താരതമ്യത്തെ പറ്റി ആലോചിക്കാം, വിരാട് കോലി- ബാബർ അസം താരതമ്യത്തോട് മുഹമ്മദ് ഷമി

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (20:30 IST)
പാകിസ്ഥാൻ നായകൻ ‌ബാബർ അസമിനെ പല താരങ്ങളും ഇന്ത്യൻ നായകൻ വിരാട് കോലിയുമായി താരതമ്യം നടത്താറുണ്ട്. പല ഇതിഹാസ താരങ്ങളും കോലിയുമായി ഒരു താരതമ്യം നടത്താൻ ബാബർ ആയിട്ടില്ല എന്നാണ് അഭിപ്രായപ്പെടുന്നതെങ്കിലും ചില ഫോർമാറ്റുകളിൽ ബാബർ കോലിയേക്കാൾ മികച്ച താരമാണെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരുണ്ട്.
 
ഇപ്പോളിതാ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇരുവരെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് ഷമി പറയുന്നു. അസം ലോകോത്തര താരമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കോലി, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവരുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അസമിനെ ഇനിയും ഒരുപാട് നാള്‍ കളിക്കാന്‍ അനുവദിക്കൂ. 
 
നിലവിലെ ഫോം അവന് എത്രകാലം തുടരാനാകുമെന്നത് പ്രധാനമാണ്. എന്നിട്ട് അസമിന്റെ കാര്യത്തില്‍ എന്തെങ്കിലും പറയാം. അസം മികച്ച ഫോം തുടര്‍ന്നാല്‍ പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച താരമാവാൻ അദ്ദേഹത്തിനാകും. ഈ അവസരത്തിൽ  ആശംസ പറയാന്‍ മാത്രമാണ് കഴിയുക. അടുത്ത കാലത്ത് മികച്ച പ്രകടനമാണ് പാകിസ്ഥാന്‍ പുറത്തെടുക്കുന്നത്. മൂന്നോ നാലോ താരങ്ങളുടെ പ്രകടനങ്ങള്‍ പാകിസ്ഥാന് അനുകൂലമായ സ്വാധീനം ചെലുത്തുന്നു. ഷമി പറഞ്ഞു.
 
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുമ്പോഴും ടെസ്റ്റിൽ ഒരു ഇരട്ട സെഞ്ചുറി പോലും ബാബറിന്റെ അക്കൗണ്ടിലില്ല. 37 ടെസ്റ്റില്‍ നിന്ന് 43.18 ശരാശരിയില്‍ 2461 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. വിരാട് കോലി 99 ടെസ്റ്റില്‍ നിന്ന് 50.39 ശരാശരിയില്‍ 7962 റണ്‍സാണ് നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article