Mitchell Starc: ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ആക്രമിച്ചു കളിച്ച് ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാളും റിഷഭ് പന്തും. സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലാണ് ജയ്‌സ്വാളും പന്തും കൗണ്ടര്‍ അറ്റാക്കിലൂടെ സ്റ്റാര്‍ക്കിനെ തളര്‍ത്തിയത്.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിനെ ഓപ്പണര്‍ ജയ്‌സ്വാള്‍ നാല് തവണ ബൗണ്ടറി പായിച്ചു. തുടര്‍ച്ചയായി മൂന്ന് ഫോറുകള്‍ സഹിതം സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ 16 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചു കൂട്ടിയത്.
രണ്ടാം ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ് റിഷഭ് പന്ത് സ്റ്റാര്‍ക്കിനു വയറുനിറച്ച് കൊടുത്തത്. സ്റ്റാര്‍ക്കിന്റെ നാലാം ഓവറായിരുന്നു ഇത്. ആദ്യ പന്തില്‍ റണ്‍സൊന്നും എടുക്കാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചില്ല. എന്നാല്‍ പിന്നീടുള്ള സ്റ്റാര്‍ക്കിന്റെ രണ്ട് പന്തുകള്‍ തുടര്‍ച്ചയായി അതിര്‍ത്തി കടത്തുകയായിരുന്നു റിഷഭ് പന്ത്. ആദ്യ സിക്‌സോടെ പന്ത് അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. റിഷഭ് പന്തിന്റെ സിക്‌സുകള്‍ കണ്ട് നായകന്‍ പാറ്റ് കമ്മിന്‍സിനെ നോക്കി ചിരിക്കുകയായിരുന്നു സ്റ്റാര്‍ക്ക്. നാല് ഓവറില്‍ നിന്ന് 36 റണ്‍സാണ് സ്റ്റാര്‍ക്ക് ഇതുവരെ വിട്ടുകൊടുത്തത്.