ഇതാണ് ഏറ്റവും മികച്ച ഇന്നിംഗ്‌സ്

ജിബിന്‍ ജോര്‍ജ്
വ്യാഴം, 15 ഒക്‌ടോബര്‍ 2015 (16:00 IST)
ക്യാപ്‌റ്റന്‍ രണ്ടാം ഏകദിനത്തിലും ‘ കൂള്‍ ’ ആയിരുന്നു. ഉള്ളില്‍ ആര്‍ത്തിരമ്പിയ സമ്മര്‍ദ്ദങ്ങളെ അതിര്‍ത്തിക്ക് അപ്പുറത്ത് നിര്‍ത്തി മഹേന്ദ്ര സിംഗ് ധോണി ജയിച്ചു, ടീം ഇന്ത്യ ജയിച്ചു എന്നു പറയുന്നതിലും ഉചിതമായത് ധോണി ജയിച്ചു എന്നു പറയുന്നതാകും. അതായിരുന്നു വ്യവസായിക തലസ്ഥാന നഗരമായ ഇന്‍ഡോറിന്റെ മണ്ണില്‍ കണ്ടതും മഹി കുറിച്ചതും.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ട നിമിഷം, തന്റെ ചോര കുടിക്കാനായി ശത്രുക്കള്‍ ഒന്നായി തീര്‍ന്ന മണിക്കൂറുകള്‍, വൈസ് ക്യാപ്‌റ്റന്‍ തന്നെ പടപ്പുറപ്പാട് പ്രഖ്യാപിച്ച നിമിഷം എല്ലാം കൊണ്ടും സമ്മര്‍ദ്ദത്തിലായ ധോണി പഴയ ധോണിയായപ്പോള്‍ വിമര്‍ശകര്‍ക്ക് ‘അതുക്കും മേലെ’ മറുപടി നല്‍കി മഹി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടം ഏകദിനത്തില്‍.   

ഇത്രത്തോളം സമ്മര്‍ദ്ദത്തില്‍ ധോണി ഇതുവരെ അകപ്പെട്ടിട്ടില്ല. ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നതും ബാറ്റിംഗിലെ ഫിനിഷിംഗ് വൈഭവം എവിടെയോ കളഞ്ഞു പോയതും ഇന്ത്യന്‍ നായകനെ അസ്വസ്‌തനാക്കിയിരുന്നു. സമ്മര്‍ദ്ദത്തില്‍ അടിമപ്പെടാത്ത നായകനെന്ന പരിവെഷത്തിനെ ചോദ്യം ചെയ്‌തത് മുതിര്‍ന്ന താരങ്ങളും വൈസ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും തന്നെയായിരുന്നു.

വിദേശ പിച്ചുകളില്‍ ടെസ്‌റ്റ് ഏകദിനങ്ങള്‍ പരാജയപ്പെടുന്നതും ലോകകപ്പിലെ സെമിഫൈനലി ഓസ്‌ട്രേലിയയോട് തകര്‍ന്നതും ബംഗ്ലാദേശിനെതിരെ ചരിത്രത്തില്‍ ആദ്യമായി പരമ്പര കൈവിടുകയും ചെയ്‌തതോടെ എല്ലാം ധോണിക്ക് എതിരാവുകയായിരുന്നു. നായക സ്ഥാനത്ത് നിന്നും ധോണിയെ മാറ്റണമെന്നും വിരാട് കോഹ്‌ലിയെ മൂന്ന് ഫോര്‍മാറ്റിലും നായകനാക്കണെമെന്നുമുള്ള വാദങ്ങളുമായി ശത്രുക്കള്‍ നിരന്നതോടെ ക്യാപ്‌റ്റന്‍ കൂള്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് സമ്മര്‍ദ്ദത്തിലേക്ക് വീഴുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തിയപ്പോള്‍ പലതും തെളിയിക്കേണ്ടിയിരുന്നു ധോണിക്ക്. ബാറ്റിംഗ്, കീപ്പിംഗ്, നായക മികവ് ഇവയെല്ലാം വിജയിപ്പിച്ചു കാണിക്കേണ്ടതായി വന്നു. എന്നാല്‍ ട്വിന്റി -20യില്‍ ടീം പരാജയപ്പെട്ടപ്പോള്‍ ധോണിക്ക് കാര്യങ്ങള്‍ വെല്ലുവിളിയായി. ആദ്യ ഏകദിനത്തില്‍ ടീം പരാജയപ്പെടുകയും വിജയ റണ്ണിന് അടുത്തുവെച്ച് നായകന്‍ പുറത്താകുകയും ചെയ്‌തതോടെ കോഹ്‌ലിയും യുദ്ധം പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ അവസാന ഓവറില്‍ പുറത്തായതാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന വിമര്‍ശനത്തിന് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ക്ക് പോലും മറുപടി ഉണ്ടായിരുന്നില്ല.

ഈ കാരണങ്ങളാല്‍ തന്നെ രണ്ടാം ഏകദിനം ധോണിയെ സംബന്ധിച്ച് ഒരു നിലനില്‍പ്പിന് വേണ്ടിയുള്ള സമരമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തുവെങ്കിലും മുന്‍ നിരയടക്കം തകര്‍ന്നപ്പോള്‍ ബാറ്റിംഗ് ലൈനപ്പില്‍ മുന്നോട്ട് കയറി വരേണ്ടി വന്നു ധോണിക്ക്. മറുവശത്ത് വിക്കറ്റുകള്‍ പൊഴിയുബോഴും വാലറ്റത്തെ കൂട്ടു പിടിച്ച് ക്ഷമയും ആക്രമണവും സംയോജിപ്പിച്ച്  സ്‌കോര്‍ 247 പടുത്തുയര്‍ത്തി ഇന്ത്യന്‍ നായകന്‍.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ധോണിയിലെ ക്യാപ്‌റ്റന്‍ ബുദ്ധിമാനായി. ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ സ്‌‌പിന്നര്‍മാരെ പന്തേല്‍പ്പിക്കുകയും വിക്കറ്റെടുക്കുകയും. വിക്കറ്റിനു പിന്നിലും മികച്ചു നിന്നതോടെ നാല് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതിലാണ് അദ്ദേഹം പങ്കാളിയായി. അവസാനം ദക്ഷിണാഫ്രിക്കയെ 22 റണ്‍സിന് തറപറ്റിച്ച ധോണി തന്റെ ഇളക്കം തട്ടിയ നായക കസേര ഒന്നും കൂടി ഉറപ്പിക്കുകയായിരുന്നു.

ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ നിലയിലും ധോണിയുടെ വിജയമായിരുന്നു രണ്ടാം ഏകദിനം. 2011 ലോകകപ്പ് ഫൈനലില്‍ കുറിച്ച 90 റണ്‍സിനോളം പ്രാധാന്യമുണ്ട്. കുറഞ്ഞപക്ഷം ധോണിയുടെ ഇനിയുള്ള കരിയറിലെങ്കിലും. ജയത്തോടെ തന്നിലെ പ്രതിഭയെ വറ്റിയിട്ടില്ലെന്നും ടീം ഇന്ത്യയില്‍ തനിക്കിനിയും സമയം ബാക്കിയുണ്ടെന്നും തെളിയിച്ച മത്സരം. ഈ വിജയം കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും മറുപടി നല്‍കാന്‍ അദ്ദേഹത്തിനായി.