128 വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഇടയില്‍ ഇടം നേടിയതായുള്ള പ്രഖ്യാപനം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉണ്ടായത്. വലിയ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം എന്തുകൊണ്ടായിരിക്കും ക്രിക്കറ്റിന് ഇത്തവണ ഒളിമ്പിക്‌സില്‍ ഇടം ലഭിച്ചതെന്ന് പലര്‍ക്കും അത്ഭുതമുണ്ടാകാം. എന്നാല്‍ വിരാട് കോലിയ്ക്ക് ലോകമെങ്ങുമുള്ള സ്വീകാര്യതയാണ് ഒളിമ്പിക്‌സ് കമ്മിറ്റിയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
മുംബൈയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഇറ്റലിയുടെ ഒളിമ്പിക് ചാമ്പ്യന്‍ ഷൂട്ടറും ലോസ് ഏഞ്ചലസ് 2028 ഒളിമ്പിക്‌സ് ഡയറക്ടറുമായ നിക്കോളോ കാംപ്രിയാനിയാണ് ഇതെ സംബന്ധിച്ചുള്ള പ്രസ്താവന നടത്തിയത്. എന്റെ സുഹൃത്ത് കൂടിയായ വിരാട് കോലി ലോകമെങ്ങും ഏറ്റവുമധികം ഫോളോവേഴ്‌സുള്ള അത്‌ലറ്റുമാരില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയാണ്. ലെബ്രോണ്‍ ജെയിംസ്,ടോം ബ്രാഡി,ടൈഗര്‍ വുഡ്‌സ് എന്നിവരെ ഒരുമിച്ച് കൂട്ടിയാലും കോലിയ്ക്കുള്ള ഫോളോവെഴ്‌സിന് ഒപ്പമെത്തില്ല.
ഇത്തരത്തിലുള്ള ഒരു തീരുമാനം ലോസ് ഏയ്ഞ്ചലസ് ഒളിമ്പിക്‌സിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. ക്രിക്കറ്റിനാണെങ്കില്‍ അതിനൊരു ആഗോള സ്‌റ്റേജ് കൂടി ലഭിക്കുകയാണ്. പരമ്പരാഗതമായി ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങള്‍ക്കുമപ്പുറം ക്രിക്കറ്റിന്റെ വ്യാപനത്തെ വളര്‍ത്താന്‍ ഇത് സഹായകമാകും. നിക്കോളോ പറഞ്ഞു.