അഫ്ഗാനിലെ ജനങ്ങൾക്ക് ആകെ സന്തോഷം തരുന്നത് ക്രിക്കറ്റ് മാത്രമാണ്, വികാരാധീനനായി റാഷിദ് ഖാൻ

തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (16:55 IST)
ഏകദിന ലോകകപ്പില്‍ നിലവില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. ക്രിക്കറ്റ് ലോകത്ത് അധികവര്‍ഷം അനുഭവസമ്പത്തില്ലാത്ത അഫ്ഗാന്‍ ലോകകപ്പില്‍ നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്. ഒരാഴ്ചക്കിടെ മൂന്ന് ഭൂകമ്പങ്ങള്‍ തകര്‍ത്ത നാട് ആ ഞെട്ടലില്‍ നിന്നും എഴുന്നേല്‍ക്കുന്നതിനിടെയാണ് അഫ്ഗാന്‍ ജനതയുടെ നെഞ്ചില്‍ സന്തോഷം ജനിപ്പിച്ച് കൊണ്ട് ലോകകപ്പില്‍ വിജയം നേടാനായത്. മത്സരത്തില്‍ വിജയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കെ റാഷിദ് ഖാനും ഇതേ പറ്റി വികാരാധീനനായി.
 
ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. ലോകത്തെ ഏത് ടീമിനെയും ഏത് ദിവസവും തകര്‍ക്കാന്‍ തങ്ങള്‍ക്കാകും എന്ന ആത്മവിശ്വാസമാണ് ഈ വിജയം അഫ്ഗാന് നല്‍കുന്നത്. ഇത് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ടീമിന് വലിയ ഊര്‍ജം നല്‍കും. അഫ്ഗാനിലെ ജനങ്ങള്‍ക്ക് ക്രിക്കറ്റ് മാത്രമാണ് ഒരല്പമെങ്കിലും സന്തോഷം നല്‍കുന്ന കാര്യം. അതിനാല്‍ തന്നെ ഈ വിജയം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അടുത്തിടെ അഫ്ഗാനില്‍ ഭൂകമ്പത്തില്‍ മൂവായിരത്തിലധികം പേര്‍ മരണമടഞ്ഞിരുന്നു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. അതിനാല്‍ തന്നെ ഈ വിജയം ഞങ്ങളുടെ നാട്ടുകാരില്‍ അല്പം ആശ്വാസവും സന്തോഷവുമുണ്ടാക്കും. ഈ ദിവസങ്ങളുടെ വേദന അല്പം മറക്കാന്‍ വിജയം ഉപകരിക്കും.
 
മുജീബ് ഉര്‍ റഹ്മാന്‍ സ്ഥിരതയാര്‍ന്ന് പ്രകടനമാണ് നടത്തുന്നത്. മുജീബിനൊപ്പം പരിചയസമ്പന്നനായ മുഹമ്മദ് നബി കൂടെ ടീമിലുള്ളത് ഭാഗ്യമാണ്. നബിയുടെ 150മത് മത്സരവും റഹ്മത്ത് ഷായുടെ നൂറാം മത്സരവുമായിരുന്നു ഇത്. എന്തെല്ലാം സംഭവിച്ചാലും അവസാന നിമിഷം വരെ പോരാടണമെന്ന് ഞാന്‍ ഡ്രസിങ് റൂമില്‍ വെച്ച് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ചെറിയ സ്വപ്നങ്ങളുണ്ട്. റാഷിദ് ഖാന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍