ദ്രാവിഡല്ല, ഗംഭീറിന് പകരക്കാരനായി കൊൽക്കത്ത ലക്ഷ്യമിടുന്നത് ദക്ഷിണാഫ്രിക്കൻ ഇതിഹാസത്തെ

അഭിറാം മനോഹർ
വെള്ളി, 12 ജൂലൈ 2024 (18:53 IST)
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി മാറിയതോടെ അടുത്ത ഐപിഎല്‍ സീസണിലേക്ക് പുതിയ മെന്ററെ തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഗംഭീറിന് പകരം ഇന്ത്യന്‍ പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ കൊല്‍ക്കത്ത മെന്ററാക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ദ്രാവിഡിനെയല്ല ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ജാക് കാലിസിനെയാകും കൊല്‍ക്കത്ത അടുത്ത സീസണില്‍ മെന്ററാക്കുക എന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ടീമിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് തുടരുമെങ്കിലും ഗംഭീറിന്റെ സ്ഥാനത്തേക്ക് മുന്‍ താരവും പരിശീലകനുമായിരുന്ന ജാക് കാലിസിനെ പോലൊരു താരത്തെ കൊണ്ടുവരാനാണ് കൊല്‍ക്കത്തയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയ 2012ലും 2014ലും ടീമിന്റെ ഭാഗമായിരുന്നു കാലിസ്. 2014ല്‍ വിരമിച്ച ശേഷം കൊല്‍ക്കത്തയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായും 2015 മുതല്‍ 19 വരെ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായും കാലിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
 കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരും ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായി ഗംഭീറിനൊപ്പം ചേരും എന്ന് ഉറപ്പായതോടെ പുതിയ ബാറ്റിംഗ് പരിശീലകനെയും കൊല്‍ക്കത്തയ്ക്ക് കണ്ടെത്തേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article