കൊല്‍ക്കത്ത ടീമിനോട് വിടചൊല്ലി ഗംഭീര്‍, ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

അഭിറാം മനോഹർ

ചൊവ്വ, 9 ജൂലൈ 2024 (14:22 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീം മെന്ററായ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ബിസിസിഐ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയോട് വിട പറയുന്നതിന്റെ ഭാഗമായി യാത്രയയപ്പ് വീഡിയോ ചിത്രീകരിക്കാനായി ഗംഭീര്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ എത്തിയിരുന്നു. ഇതോടെയാണ് ഗംഭീര്‍ തന്നെയാകും ഇന്ത്യന്‍ കോച്ചെന്ന കാര്യത്തില്‍ സംശയം ബലപ്പെട്ടിരിക്കുന്നത്. ഇതേ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 
2027ലെ ഏകദിന ലോകകപ്പ് വരെയായിരിക്കും പുതിയ പരിശീലകന് ടീമിന്റെ ചുമതലയുണ്ടാവുക. ടി20 ലോകകപ്പിന് പിന്നാലെ സ്ഥാനമൊഴിയുമെന്ന് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടക്കുന്ന സിംബാബ്വെ പര്യടനത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായത്. അടുത്ത മാസം നടക്കുന്ന ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരയോടെയാകും ഗംഭീര്‍ പരിശീലക ചുമതലയേല്‍ക്കുക എന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍