കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ ഭാഗമായിരുന്ന റിഷഭ് പന്തിന് പിന്നില്‍ ലിമിറ്റഡ് ഓവറില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഓപ്ഷനായിരുന്ന ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും കാണാതായത് അടുത്തിടെയാണ്. ഏകദിന ലോകകപ്പിനിടെ മാനസികമായി ക്ഷീണിതനാണെന്ന കാരണത്താല്‍ ടീമില്‍ നിന്നും മാറിനിന്ന ഇഷാന്‍ കിഷന്‍ പിന്നീട് തിരികെയെത്തിയത് ഐപിഎല്‍ മത്സരങ്ങള്‍ക്കായിരുന്നു. ഇതിന് ശേഷം നടന്ന ടി20 മത്സരങ്ങളിലും ലോകകപ്പിന് ശേഷം ദുര്‍ബലരായ സിംബാബ്വെയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലൊന്നും തന്നെ ഇഷാനെ ഇന്ത്യന്‍ ടീം പരിഗണിച്ചില്ല.
ഇപ്പോഴിതാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ ഒരു ബ്രേയ്ക്ക് എടുത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ഞാന്‍ മികച്ച സ്‌കോറുകള്‍ നേടിയും ഇന്ത്യന്‍ ടീമിന്റെ ബെഞ്ചില്‍ തന്നെയായിരുന്നു. തുടര്‍ച്ചയായി ടീമിനൊപ്പം തുടര്‍ന്നിട്ടും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതില്‍ നിരാശനായിരുന്നു. ഈ സമയത്ത് ടീമില്‍ നിന്നും ഒരു ബ്രേയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മാത്രമാണ് എന്റെ അവസ്ഥ മനസിലാക്കാനായത്.
എന്റെ തീരുമാനത്തിന് കുടുംബം പിന്തുണ നല്‍കി. മാനസികമായി ഞാന്‍ നല്ല നിലയിലല്ല എന്നത് അവര്‍ മനസിലാക്കി. എന്റെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്തില്ല. എനിക്ക് ക്രിക്കറ്റ് കളിക്കാനുള്ള മൈന്‍ഡ് തന്നെ ആ കാലത്ത് ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ബ്രേയ്ക്ക് എടുത്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കുക എന്നത് ഒരു അര്‍ഥമില്ലാത്ത കാര്യമായാണ് തോന്നിയത്. ഇഷാന്‍ പറഞ്ഞു.