എക്‌സ്‌ചേഞ്ച് ഓഫറായാലോ? ഗംഭീറിന് പകരം ദ്രാവിഡിനെ മെന്ററാക്കാന്‍ കൊല്‍ക്കത്ത

അഭിറാം മനോഹർ

ബുധന്‍, 10 ജൂലൈ 2024 (19:26 IST)
ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സിന്റെ മെന്ററാകാന്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡിനെ ടീം മാനേജ്‌മെന്റ് സമീപിച്ചതായി റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നിലവിലെ കൊല്‍ക്കത്ത മെന്ററായിരുന്ന ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടതോടെയാണ് കൊല്‍ക്കത്ത ദ്രാവിഡിനെ പാളയത്തിലെത്തിക്കാന്‍ ഒരുങ്ങുന്നത്.
 
2024ലെ ഐപിഎല്‍ സീസണിന് മുന്നോടിയായാണ് ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത ടീമിന്റെ മെന്ററായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ 2 ഐപിഎല്‍ സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് ടീമിന്റെ മുഖ്യ ഉപദേശകനായിരുന്നു ഗംഭീര്‍. ലഖ്‌നൗവിനെ തുടര്‍ച്ചയായി 2 വര്‍ഷങ്ങളില്‍ പ്ലേ ഓഫിലെത്തിച്ച ഗംഭീര്‍ ഈ വര്‍ഷം കൊല്‍ക്കത്തയെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീം കോച്ചാകാനുള്ള ഓഫര്‍ ഗംഭീറിനെ തേടിയെത്തിയത്.
 
 ഗംഭീര്‍ ടീമില്‍ നിന്നും പോകുമ്പോഴുള്ള വിടവ് പരിഹരിക്കാനാണ് ദ്രാവിഡിനെ കൊല്‍ക്കത്ത സമീപിച്ചത്. അതേസമയം ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുത്ത രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കാന്‍ നിരവധി ടീമുകള്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായും ഡെല്‍ഹി ഡേര്‍ഡെവിള്‍സ് ടീമിന്റെ പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍