ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍; പ്രഖ്യാപിച്ച് ബിസിസിഐ

രേണുക വേണു

ചൊവ്വ, 9 ജൂലൈ 2024 (20:44 IST)
ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ബിസിസിഐ. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായാണ് ഗംഭീര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപദേഷ്ടാവ് സ്ഥാനം ഗംഭീര്‍ ഒഴിഞ്ഞു. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഗംഭീറിനെ ബിസിസിഐ നിയോഗിച്ചിരിക്കുന്നത്. സപ്പോര്‍ട്ടിങ് സ്റ്റാഫിലും മാറ്റങ്ങള്‍ ഉണ്ടാകും. ഗംഭീറിന്റെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ബിസിസിഐ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തിരഞ്ഞെടുക്കുക. 
 
ആധുനിക ക്രിക്കറ്റിന്റെ മാറ്റങ്ങള്‍ ഏറ്റവും അടുത്തുനിന്ന് കണ്ടിട്ടുള്ള വ്യക്തിയാണ് ഗംഭീറെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഗംഭീറിന് ബിസിസിഐയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു. 
 
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി 20 മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലായി 10,324 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. ഏകദിനത്തില്‍ 11 സെഞ്ചുറികളും ടെസ്റ്റില്‍ ഒന്‍പത് സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്. 2007 ല്‍ ട്വന്റി 20 ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോള്‍ ഗംഭീര്‍ ടീമിന്റെ ഭാഗമായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍