ഈഗോ മാറ്റിവച്ച് യുവതാരത്തിനു കീഴില്‍ കളിക്കണം, കോലിയെന്ന ബാറ്ററെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നത് ആലോചിക്കുകയേ വേണ്ട; പ്രതികരിച്ച് കപില്‍ ദേവ്

Webdunia
തിങ്കള്‍, 17 ജനുവരി 2022 (15:24 IST)
ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിയുടെ ഭാവിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. വിരാട് തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴില്‍ കളിക്കാന്‍ തയ്യാറാകേണ്ടിവരുമെന്ന് കപില്‍ ദേവ് പറഞ്ഞു. തന്നേക്കാള്‍ മുതിര്‍ന്ന താരമായ സുനില്‍ ഗവാസ്‌കര്‍ തനിക്ക് കീഴില്‍ കളിച്ചത് അടക്കം ചൂണ്ടിക്കാട്ടിയാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്. 
 
'സാക്ഷാല്‍ സുനില്‍ ഗവാസ്‌കര്‍ എനിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കെ.ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴില്‍ കളിച്ചു. എനിക്ക് യാതൊരു ഈഗോയും തോന്നിയിട്ടില്ല. ഇനി വിരാടും തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴില്‍ കളിക്കാന്‍ തയ്യാറാകേണ്ടിവരും. അത് അദ്ദേഹത്തേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും കൂടുതല്‍ സഹായിക്കും. പുതിയ നായകനും ടീം അംഗങ്ങള്‍ക്കും നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി നയിക്കാന്‍ വിരാട് വേണം. വിരാട് കോലിയെന്ന ബാറ്ററെ നഷ്ടമാക്കാന്‍ നമുക്ക് കഴിയില്ല. അത് ചിന്തിക്കുകയും വേണ്ട,' കപില്‍ ദേവ് പറഞ്ഞു. 
 
ട്വന്റി 20 നായകസ്ഥാനം രാജിവച്ചതു മുതല്‍ കോലി കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയായി കോലി സമ്മര്‍ദത്തിനു അടിമപ്പെട്ട രീതിയിലാണ്. ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതിലൂടെ സ്വതന്ത്രമായി കളിക്കാനുള്ള അവസരമാണ് കോലി തിരഞ്ഞെടുത്തിരിക്കുന്നതെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article