കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത് ഗാംഗുലിയെ അറിയിക്കാതെ ! ജയ് ഷായെ ഫോണില്‍ അറിയിച്ചു; മൗനസമ്മതവുമായി ദ്രാവിഡ്

ഞായര്‍, 16 ജനുവരി 2022 (13:24 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് വിരാട് കോലി ആദ്യം അറിയിച്ചത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയാണ് റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡിനെ നേരില്‍കണ്ടാണ് കോലി ഇക്കാര്യം അറിയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
കോലിയുടെ തീരുമാനങ്ങളെല്ലാം അതിവേഗം ആയിരുന്നു. നായകസ്ഥാനം ഒഴിയണമെന്ന് കോലി പറഞ്ഞപ്പോള്‍ ദ്രാവിഡ് പൂര്‍ണമായി പിന്തുണച്ചെന്നാണ് വിവരം. അതിനുശേഷം ശനിയാഴ്ച ഉച്ചയോടെ കോലി ബിസിസിഐ സെക്രട്ടറി ജയ് ഷായെ വിളിച്ചു. ജയ് ഷായെ ഫോണില്‍ വിളിച്ചാണ് താന്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിയുകയാണെന്ന് കോലി അറിയിച്ചത്. അപ്പോള്‍ തന്നെ രാജി ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. ജയ് ഷായും കോലിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. 
 
കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിയുന്ന കാര്യം ഗാംഗുലിയെ നേരത്തെ അറിയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഗാംഗുലിയും കോലിയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിസിസിഐ അധ്യക്ഷനെ അറിയിക്കാതെയാണ് കോലിയുടെ തീരുമാനം. ജയ് ഷാ പറഞ്ഞാണ് ഗാംഗുലി കാര്യം അറിഞ്ഞതെന്നും വാര്‍ത്തകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍