ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിലെ അവസാന ഓവറില്‍ മികച്ച ബോളിംഗ് പുറത്തെടുക്കാന്‍ ആത്മവിശ്വാസം നല്‍കിയത് നായകന്‍ വിരാട് കോഹ്‌ലിയുടെ വാക്കുകളായിരുന്നുവെന്ന് ജസ്പ്രീത് ബുമ്ര.
അവസാന ഓവറില്‍ എട്ട് റണ്‍സ് മതിയായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍. ഓരോ പന്തും എങ്ങനെ എറിയണമെന്ന് ഞാന്‍ കോഹ്‌ലിയോട് ചോദിച്ചപ്പോള്‍ സ്വന്തം മികവിന് അനുസരിച്ച് പന്ത് എറിയാനായിരുന്നു അദ്ദേഹം പറഞ്ഞത്. അവസാന പന്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ സിക്‍സ് നേടിയെന്നുവച്ച് ലോകം അവസാനിക്കാന്‍ പോകുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു. ഇതാണ് എനിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്നും ബുമ്ര വ്യക്തമാക്കി.
കോഹ്‌ലി പകര്‍ന്ന ആത്മവിശ്വാസം അവസാന നിമിഷം സഹായിച്ചു. ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയതോടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞു. വിക്കറ്റിനെ മനസിലാക്കാനായിരുന്നു ശ്രമം. ആദ്യ ഇന്നിംഗ്‌സില്‍ നിന്നുതന്നെ വിക്കറ്റിന് സ്വഭാവം മനസിലാക്കിയെന്നും മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് ആയ ബുമ്ര പ്രതികരിച്ചു.