ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം പരാജയപ്പെടാന്‍ കാരണം മോശം അമ്പയറിംഗ് ആണെന്ന് ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍.
ജോ റൂട്ട് ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് വിജയമുറപ്പായിരുന്നു. ജസ്പ്രീത് ബുമ്ര എല്‍ബി ഡബ്ലിയുവിനായി അപ്പീല്‍ ചെയ്‌തപ്പോള്‍ അമ്പയര്‍ ഷംസുദിന്‍ ഔട്ട് വിളിക്കുകയായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയത് അമ്പയര്‍ എന്തു കൊണ്ടാണ് കാണാതെ പോയതെന്നും ഇംഗ്ലീഷ് നായകന്‍ ചോദിച്ചു.
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ റൂട്ടിന്റെ പുറത്താകലാണ് മത്സരത്തില്‍ വഴിത്തിരിവായത്. നാല്‍പ്പതോളം പന്ത് നേരിട്ട് മികച്ച ഫോമില്‍ നില്‍ക്കുന്ന ഒരു റൂട്ടിനെ നിര്‍ണായക സമയത്ത് മോശം അമ്പയറിംഗിലൂടെ പുറത്തായതില്‍ നിരാശയുണ്ട്. ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിക്കുന്നതിന് തുല്ല്യമാണ് ഈ നടപടിയെന്നും മോര്‍ഗന്‍ പറഞ്ഞു.
മോശം തീരുമാനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങളാണ് മത്സരത്തില്‍ ജയിക്കേണ്ടിയിരുന്നത്. മൂന്നാം മത്സരത്തിന് മുമ്പ് പരാതി നല്‍കാന്‍ അവസരമുണ്ട്. മാച്ച് റഫറി വഴി അമ്പയറിഗ് ഫീഡ്‌ബാക്ക് അറിയിക്കും. ഡിആര്‍എസ് എന്തുകൊണ്ട് കുട്ടി ക്രിക്കറ്റില്‍ നടപ്പാക്കുന്നില്ലെന്നും മോര്‍ഗന്‍ ചോദിക്കുന്നു.