Sam Konstas: ബുമ്രയെ വരെ സിക്‌സര്‍ തൂക്കി, ഒരുത്തനെയും പേടിയില്ല, കേട്ടറിവിലും വലുതാണ് സാം കോണ്‍സ്റ്റാസ് എന്ന ടാലന്റ്
ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഓസീസിനായി ഓപ്പണിംഗ് ബാറ്ററായി ഇറങ്ങിയ കോണ്‍സ്റ്റാസ് ആദ്യ പന്ത് മുതല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ പോലും സ്‌കൂപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും പരീക്ഷിക്കാന്‍ യാതൊരു മടിയും കോണ്‍സ്റ്റാസിനുണ്ടായില്ല എന്ന് മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ ബുമ്രയ്‌ക്കെതിരെ കഴിഞ്ഞ 4,484 ഡെലിവറികള്‍ക്കിടയില്‍ സിക്‌സ് നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും കോണ്‍സ്റ്റാസ് സ്വന്തമാക്കി.
ഇതുവരെയുള്ള അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് എട്ടാം തവണയാണ് ബുമ്ര സിക്‌സര്‍ വഴങ്ങുന്നത്. 2 തവണ ബുമ്രയ്‌ക്കെതിരെ സിക്‌സുകള്‍ നേടിയ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലറാണ് ലിസ്റ്റില്‍ ബുമ്രയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം. ഇതിന് മുന്‍പ് 2021ല്‍ സിഡ്‌നിയില്‍ കാമറൂണ്‍ ഗ്രീനാണ് ബുമ്രയ്‌ക്കെതിരെ സിക്‌സര്‍ നേടിയ താരം. കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിലെല്ലാം ബുമ്രയ്‌ക്കെതിരെ പതറിയ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയ്ക്ക് വലിയ ആത്മവിശ്വാസമാണ് വെറും 19 കാരനായ സാം കോണ്‍സ്റ്റാസ് നല്‍കുന്നത്. തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 65 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസിന്റെ സ്ഥിരം ഓപ്പണറായി സാം കോണ്‍സ്റ്റാസ് മാറുന്ന കാലം വിദൂരമല്ലെന്ന് ആദ്യ ഇന്നിങ്ങ്‌സില്‍ തന്നെ തെളിയിക്കാന്‍ 19കാരനായിട്ടുണ്ട്. 6 ബൗണ്ടറികളും 2 സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്.