Jaiswal: വേണ്ടത് വെറും 147 റൺസുകൾ മാത്രം, കോലിയുടെ റെക്കോർഡ് പഴങ്കതയാക്കാനൊരുങ്ങി ജയ്സ്വാൾ

അഭിറാം മനോഹർ
ബുധന്‍, 21 ഫെബ്രുവരി 2024 (15:28 IST)
അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ യശ്വസി ജയ്‌സ്വാളിന്റെ ഇരട്ടസെഞ്ചുറി പ്രകടനമായിരുന്നു ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 236 പന്തില്‍ പുറത്താകാതെ 214 റണ്‍സാണ് താരം നേടിയത്. 12 സിക്‌സറുകളും 14 ബൗണ്ടറികളുടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്ങ്‌സ്. പരമ്പരയില്‍ രണ്ട് ഇരട്ടസെഞ്ചുറികളടക്കം 545 റണ്‍സാണ് താരം നേടിയത്.
 
2014ല്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ കോലി നേടിയ 694 റണ്‍സാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഉയര്‍ന്ന റണ്‍സ്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടി ബാക്കിനില്‍ക്കുമ്പോള്‍ കോലിയുടെ റെക്കോര്‍ഡ് നേട്ടം തകര്‍ക്കാനുള്ള സാധ്യതയാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആദ്യ നാല് സ്ഥാനവും കോലിയുടെ പേരിലുണ്ട്.
 
2016ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ 655 റണ്‍സും 2017ല്‍ ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ 610 റണ്‍സും 2018ല്‍ ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ 593 റണ്‍സും കോലി സ്വന്തമാക്കിയിരുന്നു. അതേസമയം പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഫെബ്രുവരി 23നാണ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article